ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത മഴയിൽ ഉത്തർ പ്രദേശിലും ബിഹാറിലും 80 മരണം. ഇരുസംസ്ഥാനങ്ങളിലും മഴ ജന ജീവിതത്തെ ഗുരുതരമായി ബാധിച്ചു. പട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ഉൾപ്പെടെ വെള്ളക്കെട്ടിലായി. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ബിഹാറിൽ കുടുങ്ങി കിടന്ന 25 മലയാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ഉത്തർ പ്രദേശിലും ബിഹാറിലും തുടരുന്ന കാനത്ത മഴയിൽ ജന ജീവിതം താറുമാറായി. കനത്ത മഴയെ തുടർന്ന് 80 മരണം ഇവിടെ റിപ്പോർട്ട് ചെയ്തു. പ്രയാഗ്‌രാജിൽ 102.2 mm മഴയും വാരണാസിയിൽ 84.2 mm മഴയും ആണ് രേഖപ്പെടുത്തിയത്. ഈ വർഷത്തെ മഴയുടെ ഏറ്റവും ഉയർന്ന അളവാണ് ഇത്. കിഴക്കൻ ഉത്തർ പ്രദേശിൽ സംസ്ഥാന ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സമാന സാഹചര്യം ആണ് ബിഹാറിലും ഉള്ളത്. സംസ്ഥാനത്തെ കോഷി, ഭാഗ്മതി, മഹനന്ദ തുടങ്ങിയ നദികളിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണം. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്.
ബിഹാറിൽ കുടുങ്ങി കിടന്ന 25 മലയാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പട്നയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രി ആയ നളന്ദ മെഡിക്കൽ കോളേജിൽ വെള്ളം കയറിയത് രോഗികളെ ഉൾപ്പെടെ വലച്ചു. കനത്ത മഴയിൽ പട്ന ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ചൊവാഴ്ച വരെ അവധി നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെ 18 കമ്പനി ടീമിനെ ആണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ ഉത്തരേന്ത്യയുടെ പാല ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.