തമിഴ്നാട്ടില്‍ കനത്ത മഴ; കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട കൗമാരക്കാരന് ദാരുണാന്ത്യം; ഊട്ടിയിലേക്ക് ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം

 

തമിഴ്നാടിന്‍റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക്സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കുറ്റാലം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന്‍ മരിച്ചു. നീലഗിരി ജില്ലയിലേക്കും ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതൽ 20 വരെ ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കളക്ടർ എം. അരുണ അറിയിച്ചു.

പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തിരുനെൽവേലി സ്വദേശിയായ അശ്വിനാണ് (17) ദാരുണാന്ത്യമുണ്ടായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പോലീസും അശ്വിനായി തിരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മലവെള്ളപ്പാച്ചിലുണ്ടായതോടെ ഇരച്ചെത്തിയ വെള്ളത്തില്‍ അശ്വിന്‍ അകപ്പെടുകയായിരുന്നു. മറ്റ് സഞ്ചാരികൾ ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനുപിന്നാലെ കുറ്റാലത്ത് ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.

മെയ് 18 മുതല്‍ 20 വരെയുള്ള മൂന്നു ദിവസങ്ങളിൽ തമിഴ്നാടിന്‍റെ തെക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും  മുന്നറിയിപ്പുണ്ട്. 456 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും നീലഗിരി ജില്ലാ കളക്ടർ എം. അരുണ അറിയിച്ചു.

Comments (0)
Add Comment