ഇടുക്കിയില്‍ കനത്ത മഴ: ജലനിരപ്പ് ഉയരുന്നു; കല്ലാർകുട്ടി പാംബ്ല അണക്കെട്ടുകൾ തുറന്നു, മുതിരപ്പുഴയാര്‍, പെരിയാര്‍ തീരത്തുള്ളവർക്ക് ജാഗ്രതാ നിര്‍ദ്ദേശം

 

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പുയർന്നതോടെ കല്ലാർകുട്ടി പാംബ്ല അണക്കെട്ടുകൾ തുറന്നു. മുതിരപ്പുഴയാറിന്‍റെയും പെരിയാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി. ഇടുക്കിയിൽ വ്യാപകമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗരൂകരായി ഇരിക്കണമെന്നും നിർദേശം നൽകി.

പാംബ്ല അണക്കെട്ടുകൾ രാവിലെ ആറുമണിക്ക് ശേഷം തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. കല്ലാർകുട്ടി ഡാമിൽ നിന്നും സെക്കൻഡിൽ 300 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടും. പാംബ്ല  ഡാമിൽ നിന്നും സെക്കൻഡിൽ 600 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടും. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി.

സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നും മഴ ശക്തമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രാ കാലാവസ്ഥാ വകുപ്പ്  മുന്നറിയിപ്പ് നല്‍കി.  7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ് .

Comments (0)
Add Comment