മഴക്കെടുതി രൂക്ഷം, ജില്ലാ കളക്ടർ നിരുത്തരവാദിത്വത്തോടെ പെരുമാറുന്നു: പി. മുഹമ്മദ് ഷമ്മാസ്

 

കണ്ണൂർ: ജില്ലയിൽ കാലവർഷക്കെടുതി രൂക്ഷമായ അവസ്ഥയിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ട ജില്ലാ കളക്ടർ നിരുത്തരവാദിത്വത്തോടെയാണ് പെരുമാറുന്നതെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് ഷമ്മാസ്. ദുരിതബാധിത പ്രദേശങ്ങളിൽ സേവനം ചെയ്യാൻ നാട് ഒന്നാകെ കഷ്ടപ്പെട്ട് പ്രയത്നിച്ച് കൊണ്ടിരിക്കുമ്പോൾ ജില്ലാ ഭരണാധികാരി എന്ന നിലയിൽ കളക്ടറുടെ ഭാഗത്തുണ്ടാകുന്നത് വലിയ ജാഗ്രത കുറവും വീഴ്ചയുമാണ്

ജില്ലയിൽ രൂക്ഷമായ വെള്ളക്കെട്ടും ശക്തമായ മഴയും ഉണ്ടായിട്ടും വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഉൾപ്പെടെ കളക്ടറുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായി. വിദ്യാലയങ്ങളിലേക്ക് പോകുന്ന പിഞ്ചു കുട്ടികൾ ഉൾപ്പെടെ അപകടങ്ങളിൽ നിന്ന് തലനാരികൾക്ക് രക്ഷപ്പെടുന്ന സാഹചര്യമാണുണ്ടായത്. അഞ്ചരക്കണ്ടിയിൽ മതിലിടിഞ്ഞ് വീണപ്പോൾ വിദ്യാർത്ഥി രക്ഷപ്പെടുന്നത് ഞെട്ടലോടെയാണ് ജനം കണ്ടത്. അതുപോലെതന്നെ സ്കൂൾ ബസുകൾ വെള്ളത്തിന് നടുവിൽ ആയതും വിദ്യാർത്ഥികളെ വഴിയിൽ ഇറക്കിവിട്ടതും ഉൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് ജില്ലയിൽ ഉണ്ടായത്. ഇത്തരം സംഭവവങ്ങളില്‍ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ വലിയ ആശങ്കയിലാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ജീവൻ വെച്ച് പന്താടാൻ അനുവദിക്കില്ലെന്നും ഉത്തരവാദിത്തപ്പെട്ടവർ വിവേകപൂർവം തീരുമാനങ്ങളെടുക്കണമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

Comments (0)
Add Comment