കോഴിക്കോട്: കനത്ത മഴയിൽ മാവൂർ ചാത്തമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഗ്രാമീണ റോഡുകൾ ഏറെയും വെള്ളത്തിനടിയിലാണ്. വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ചാലിയാറും ചെറുപുഴയും കരകവിയാൻ തുടങ്ങി. ചാലിയാറിൽ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെ ഷട്ടറുകൾ പൂർണ്ണമായും തുറന്നു. മാവൂർ കച്ചേരി കുന്നിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഒരു വീട് ഒഴിഞ്ഞു. വീട്ടുകാർ ബന്ധു വീട്ടിലേക്ക് മാറി. ഈ ഭാഗത്ത് നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.
ചാത്തമംഗലം പഞ്ചായത്തിൽ വെള്ളനൂർ, വിരിപ്പിൽപാടം, കോട്ടയത്താഴം, സങ്കേതം വയൽ എന്നിവിടങ്ങളിലൊക്കെ വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്തെ ഗ്രാമീണ റോഡുകളും വെള്ളത്തിനടിയിലാണ്. ഇതുവഴിയുള്ള ഗതാഗതവും ഇന്നലെ മുതൽ തടസ്സപ്പെട്ടിട്ടുണ്ട്. പുഴകൾ നിറഞ്ഞു കവിയുകയും വെള്ളപ്പൊക്ക സാധ്യത വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മാവൂർ, കുന്ദമംഗലം പോലീസ് അറിയിച്ചു. കൂടാതെ മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളും വെള്ളപ്പൊക്ക ഭീഷണി നേരിടാൻവേണ്ട തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.
അതേസമയം കോട്ടയം ജില്ലയില്‍ കനത്ത മഴയില്‍ മീനച്ചിൽ മണിമല ആറുകളിൽ ജനനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നു. എന്നാൽ അപകടനില കടന്നിട്ടില്ല. കോട്ടയം കുമരകം റോഡിൽ താഴ്ത്തങ്ങാടി ഭാഗത്ത് നിന്ന് കടപുഴകി വീണു. കോട്ടയം കുമരകം റോഡിൽ വിള്ളൽ രൂപപ്പെട്ടതിന് പിന്നാലെ ആറ്റിലേക്ക് മണ്ണിടിച്ചിലും ഉണ്ടായി. ഇതുവഴി ഗതാഗതം ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം കോട്ടയത്തിന്‍റെ പടിഞ്ഞാറ് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി.
കുമരകത്ത് ഉണ്ടായ കാറ്റിന്‍റെ ശക്തിയിൽ സമീപവാസികള്‍ക്ക് നാശനഷ്ടങ്ങള്‍ ഏറെ. യാത്രക്കിടെ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു, ബൈക്ക് നിയന്ത്രണം തെറ്റി, പരസ്യ ബോർഡുകൾ മറിഞ്ഞു വീടിന് മുകളിലേക്ക് വീണു, വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേൽക്കൂര, വാട്ടർ ടാങ്ക് അടക്കം സ്ഥാനം തെറ്റി നിലം പൊത്തിയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായി. ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായത്.