മലയോരമേഖലകളില്‍ കനത്ത നാശം വിതച്ച് മഴ, ഒരു മരണം; ഉരുള്‍പൊട്ടല്‍, കർശന ജാഗ്രതാ നിർദേശം

Jaihind Webdesk
Sunday, July 31, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമഴ തുടരുന്നു. കിഴക്കന്‍ മേഖലയില്‍ ഒരു മരണം റിപ്പോർട്ട് ചെയ്തു. കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഒരാൾ മരിച്ചത്. ഒരാളെ പരിക്കുകളോടെ പുനലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേരെ രക്ഷപ്പെടുത്തി.  സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന കനത്ത മഴയിൽ മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കൻ ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ പലയിടത്തും ഉരുൾപൊട്ടൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

 

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലുള്ളവരെ ഉടനെ തന്നെ മുൻകരുതലിന്‍റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്.

ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കണം. മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. ക്യാമ്പുകൾ സജമാക്കേണ്ടത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണം.

പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.

ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും ജാഗരൂകരായി പ്രവർത്തിക്കേണ്ടതാണ്.

പോലീസും അഗ്നിരക്ഷാ സേനയും അതീവ ജാഗ്രതയോടെ തയാറായി ഇരിക്കണം.

ശക്തമായ കാറ്റ് വീശുന്നതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ മൂലമുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ പ്രതിരോധിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.

കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റണം.

മത്സ്യ തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.

ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മത്സ്യ തൊഴിലാളി ഗ്രാമങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിച്ച് വിളിച്ചു പറയേണ്ടതാണ്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും, ചില്ലകൾ ഒടിഞ്ഞു വീണും, പോസ്റ്റുകൾ തകർന്നും വൈദ്യുത കമ്പികൾ പൊട്ടാനും ഷോക്കേറ്റ് ആളുകൾക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ലഘൂകരിക്കാൻ വേണ്ട മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണം.

ലൈനുകളുടേയും ട്രാൻസ്ഫോമറുകളുടെയും അപകട സാധ്യതകൾ പരിശോധിച്ച് മുൻ‌കൂർ നടപടികൾ ആവശ്യമുള്ളയിടത്ത് അത് പൂർത്തീകരിക്കേണ്ടതാണ്.

താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വൈദ്യുത പവർ ഹൌസുകളിലും മറ്റ് പ്രധാന സ്ഥാപനങ്ങളും വെള്ളം കയറാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള മുൻകരുതൽ നടപടി സ്വീകരിക്കണം.

അണക്കെട്ടുകളിൽ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികൾ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കണം.

വരും ദിവസങ്ങളിൽ മഴ ശകതമാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവജാഗ്രത പാലിക്കേണ്ടതാണ്.