അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമര്‍ദ്ദം ; 3 ദിവസം കൂടി ശക്തമായ മഴ ; അലർട്ടുകള്‍ പ്രഖ്യാപിച്ചു

Jaihind Webdesk
Thursday, October 14, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമാർദ്ദമായി മാറി. 17 വരെ വ്യാപക മഴയ്ക്കാണ് സാധ്യത. 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോര മേഖലകളിൽ ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഒഴിഞ്ഞ് പോയിട്ടുണ്ട്. മഴ കുറഞ്ഞതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി. 15 ക്യാമ്പുകളില്‍ രണ്ടെണ്ണം ഒഴികെ എല്ലാം പിരിച്ചുവിട്ടു. കോഴിക്കോട് താലൂക്കിലെ 12 ക്യാമ്പും കൊയിലാണ്ടി താലൂക്കിലെ ഒരു ക്യാമ്പുമാണ് പിരിച്ചുവിട്ടത്. നിലവില്‍ കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ ഒരു ക്യാമ്പും കച്ചേരി വില്ലേജില്‍ ചെറുകോത്ത് വയല്‍ അങ്കണവാടിയിലെ ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടിടങ്ങളിലുമായി 22 പേരുണ്ട്.