പത്തനംതിട്ടയില്‍ അതിശക്തമായ മഴ ; ഡാമുകള്‍ തുറക്കാന്‍ സാധ്യത

Jaihind Webdesk
Saturday, October 16, 2021

പത്തനംതിട്ട : 2018ൽ പെയ്തതിനു സമാനമായി ജില്ലയിൽ കനത്ത മഴ തുടരുന്നു. 12 മണിക്കൂറിനിടെ 10 സെന്‍റീമീറ്റർ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. ഇതിൽ ഷട്ടറുള്ള ആനത്തോട് ഡാമിൽ ഇന്നലെ വൈകുന്നേരം റെഡ് അലർട് പ്രഖ്യാപിച്ചു. ഡാം ഏതു നിമിഷവും തുറക്കും. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. മഴയ്ക്കൊപ്പം ശക്തമായ മിന്നലുമുണ്ട്.

ശബരിമലയിൽ ഇന്ന് മേൽശാന്തിമാരുടെ നറുക്കെടുപ്പും തുലാമാസ പൂജയ്ക്കായുള്ള നടതുറപ്പുമുണ്ട്. പമ്പാ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. മഴ ശക്തമായി തുടർന്നാൽ മുഴുവൻ ഡാമുകളും തുറക്കാനാണ് ആലോചിക്കുന്നത്. ഇന്നു പുലർച്ചയോടെയാണ് മഴ കനത്തത്. ശക്തി ഒട്ടും കുറയാതെ ഒരേ നിലയിലാണ് കഴിഞ്ഞ 5 മണിക്കൂറായി മഴ പെയ്യുന്നത്.

തെക്കന്‍ ജില്ലകളില്‍ മിക്കയിടത്തും ശക്തമായ മഴ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയിൽ തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടായി. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.