സംസ്ഥാനത്ത് മഴക്കെടുതി; ദുരിതത്തിലായി കേരളം, മരം വീണ് 2 പേര്‍ക്ക് പരിക്ക്

 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാവുകയാണ്. തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി. മല്ലപ്പള്ളി കോമളം കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മൂന്ന് അതിഥി തൊഴിലാളികളാണ് ഒഴുക്കിൽപെട്ടത്. ഇവരിൽ രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. ബിഹാർ സ്വദേശി നരേഷി(25)നെയാണ് കാണാതായത്.

അതേസമയം ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടില്‍ ശക്തമായ മഴയിലും കാറ്റിലും മരം വീണു രണ്ടു പേർക്ക് പരിക്കേറ്റു. മരം ജീപ്പിന് മുകളിലേക്ക് വീണാണ് അപകടം. പാറത്തോട് സ്വദേശികളായ മാരിമുത്തു(42), പെരിയസാമി(65) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പെരിയ സ്വാമിയെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. വയനാട് പനമരത്ത് വീടിനു മുകളിൽ മരം വീണു. പനമരം ഗ്രാമ പഞ്ചായത്തിലെ അമ്മാനി, നഞ്ചനമൂല കോളനിയിലാണ് അപകടം. ബാലൻ, മഞ്ജു എന്നിവരുടെ വീടിനു മുകളിലേക്കാണ് മരം വീണത്. കോളനിയോട് ചേർന്നുള്ള വനത്തിൽ നിന്നാണ് മരം കടപുഴകി വീണത്.  വീടിനു കേടുപാടുണ്ടായി. മറ്റു അപായങ്ങൾ ഇല്ല.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമയാ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Comments (0)
Add Comment