മഴ പെയ്തിറങ്ങുന്നു; ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനം

 

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇന്നുമുതല്‍ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, തഹസിൽദാർമാർ എന്നിവർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെഡ്‌, ഓറഞ്ച്‌ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നതിനും വിനോദസഞ്ചാര വകുപ്പ്‌, ഡിടിപിസി, ഹൈഡല്‍ ടൂറിസം, വനം വകുപ്പ്‌, കെഎസ്‌ഇബി, തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ചുമതല നൽകി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്‌ മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ്‌ വരുത്തേണ്ടതാണ്‌. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും മുന്നറിയിപ്പുകള്‍ നൽകണം. ജില്ലയിലെ ഓഫ്‌ റോഡ്‌ സഫാരി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Comments (0)
Add Comment