സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Jaihind News Bureau
Wednesday, September 25, 2019

rain-kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. എറണാകുളവും, തൃശ്ശൂരും ഒഴികെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട് തുടരുന്നു. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

കേരളത്തിൽ മഴ വീണ്ടും ശക്തി പ്രാപിക്കുകയാണ്.  തൃശൂർ, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം പ്രളയ സമാന സാഹചര്യം ഇപ്പോഴില്ലെന്നാണ് സൂചന. എല്ലാ ജില്ലകളിൽനിന്നും ഈ ദിവസങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അറബികടലിൽ രൂപം കൊണ്ട ന്യൂനമർദം ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റായി അടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഹിക്ക എന്നറിയപ്പെടുന്ന ചുഴലിക്കാറ്റിന്റെ ഫലമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയുണ്ടാവുമെന്നായിരുന്നു പ്രവചനം. 15 സംസ്ഥാനങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ ഒഡീഷ, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ഉണ്ടാവും.