കേരളത്തിൽ കനത്ത മഴ; 4 ജില്ലകളില്‍ ഓറഞ്ച് അലർട്ട്; ഉച്ചയോടെ മഹ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും

Jaihind News Bureau
Thursday, October 31, 2019

fani cyclone

കേരളത്തിൽ ഇന്നു പലയിടത്തും കനത്ത മഴയ്ക്കു സാധ്യത. തീവ്രമഴ സാന്നിധ്യമുള്ള എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അറബിക്കടലിൽ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുൻപു ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് അടുക്കുന്നതിനാല്‍ തീരത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 4.9 മീറ്റര്‍ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്.

തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണെന്നും അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കണമെന്നും നിർദേശമുണ്ട്. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയെ തുടർന്ന് കൊച്ചി, പറവൂർ, ചാവക്കാട് , കൊടുങ്ങല്ലൂർ താലൂക്കുകളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എംജി സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ ഒന്നരയടി ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ അരയടി കൂടി ഉയർത്തുമെന്നും നെയ്യാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പാറശാലയ്ക്കും നെയ്യാറ്റിൻകരക്കും ഇടയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞതു കാരണം ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു.

ഫോർട്ട് കൊച്ചി കമാലക്കടവിൽ തിരമാലയിൽ മത്സ്യത്തൊഴിലാളികളുടെ പത്തോളം വള്ളങ്ങൾ തകർന്നതായി റിപ്പോർട്ടുണ്ട്. കണയന്നൂർ മുളവുകാട് താന്തോന്നി തുരുത്തിൽ വെള്ളം കയറിയതിനെത്തുടര്‍ന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റും.

ആലപ്പുഴ ജില്ലയിൽ വെള്ളക്കെട്ടുള്ള സ്കൂളുകൾക്ക് ഇന്ന് അവധി നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.