സംസ്ഥാനത്ത് കാലവർഷം ശക്തമാകും; അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

Jaihind Webdesk
Monday, May 30, 2022

 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. അറബിക്കടലിലെ കാലവർഷ കാറ്റിന്‍റെയും കേരളത്തിന്‌ മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനവും മൂലമാണ് മഴ ശക്തമാകുന്നത്.

മെയ്‌ 30 മുതൽ ജൂൺ 3വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കാലവർഷം അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിന്‍റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സാധാരണ ജൂൺ 1 ന് തുടങ്ങേണ്ട കാലവർഷം കേരളത്തിൽ മൂന്നു ദിവസം മുമ്പേ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. മാർച്ച് 1 മുതൽ മേയ് 28 വരെ 98% വേനൽ മഴ അധികം പെയ്തു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.