മഴ: വേണ്ടിവന്നാല്‍ ക്യാമ്പുകള്‍ ആരംഭിക്കണം, ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം; കണ്‍ട്രോള്‍ റൂം തുറന്നു

Jaihind Webdesk
Saturday, May 14, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ തീരുമാനിക്കുന്നതിനായി ചീഫ് സെക്രട്ടറി വി.പിജോയിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ ശക്തിപ്പെടുത്തണം. ഇക്കാര്യത്തില്‍ ജില്ലാ കളക്ടർമാർ പ്രത്യേക ശ്രദ്ധ പുലർത്താനും നിര്‍ദേശം നല്‍കി.

മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് ചീഫ് സെക്രട്ടറി വിളിച്ചത്. പ്രശ്ന സാധ്യതാ സ്ഥലങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണം.  വെള്ളം കയറുന്ന സ്ഥലത്തുനിന്ന് പമ്പ് ചെയ്തു വെള്ളം കളയാനുള്ള സംവിധാനം സജ്ജമാക്കണം. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം. വേണ്ടിവന്നാൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കണം. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

അതിതീവ്ര മഴ മുന്നറിയിപ്പ് വന്നതോടെ സജ്ജരായിരിക്കാൻ പൊലീസ് മേധാവി  നിർദേശം നല്‍കി. ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 1912 എന്ന നമ്പർ 24 മണിക്കൂറും പ്രവർത്തിക്കും. ജെസിബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ തയാറാക്കി വെക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴയുടെ തീവ്രതയ്ക്ക് അനുസരിച്ച് വിവിധ ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടാണ് നിലനില്‍ക്കുന്നത്.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം

  • പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളില്‍ യാതൊരു കാരണവശാലും ഇറങ്ങാന്‍ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട സാധ്യത കൂടുതലാണ്.
  • കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാവണം.
  • കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുണ്ട്. ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോള്‍ റൂം നമ്പറില്‍ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നവര്‍ വെള്ളക്കെട്ടുകളില്‍ വൈദ്യുതി ലൈനുകള്‍ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
  • ശബരിമലയിലെ മസാപൂജക്കായി ദര്‍ശനത്തിന് എത്തുന്നവര്‍ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം ദര്‍ശനത്തിന് എത്തുന്നത്. രാത്രി യാത്രകളും ജലശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കണം.
  • മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുക.
  • വിനോദ സഞ്ചാരികള്‍ രാത്രി യാത്രകള്‍ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാന്‍ പാടുള്ളതല്ല.