ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിർദേശം

Jaihind Webdesk
Thursday, October 21, 2021

തെക്കൻ തമിഴ്നാട് തീരത്തിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതിന്‍റെ സ്വാധീനത്തിൽ ഒക്ടോബർ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

തമിഴ്നാടിന്‍റെ തെക്കന്‍തീരത്തിന് സമീപം ചക്രവാതചുഴി രൂപമെടുത്തതോടെയാണ് സംസ്ഥാനത്ത് മഴ കനക്കാനുള്ള സാഹചര്യം വീണ്ടും ഉടലെടുത്തത്. മൂന്നു ദിവസം വരെ ഇതിന്‍റെ സ്വാധീനം കേരളത്തില്‍ അനുഭവപ്പെടും. എല്ലാ ജില്ലകളിലും മഴ ലഭിക്കും. ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

മലയോര മേഖലകളില്‍പ്രത്യേക ജാഗ്രത വേണം. കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തമായ മഴ പെയ്തിറങ്ങാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം മലപ്പുറം, പാലക്കാട് കോഴിക്കോട്, വയനാട് ജില്ലകളുടെ മലയോര പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്ന് നിർദേശമുണ്ട്.

കിഴക്കന്‍കാറ്റും ഇടിമിന്നല്‍മേഘങ്ങളും ഉള്ളതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശിച്ചു. പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 26-ാം തീയതിയോടെ സംസ്ഥാനത്ത് തുലാവര്‍ഷം എത്തിച്ചേരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   ഒക്ടോബർ മുതൽ ഡിസംബർവരെ പെയ്യുന്ന മഴയെ തുലാവർഷത്തിന്‍റെ കണക്കിലാണ് ഉൾപ്പെടുത്തുന്നത്. എന്നാൽ, ഈ മാസം 20 വരെ തുടർച്ചയായി മഴ ലഭിച്ചതിനാൽ തുലാവർഷക്കാലത്ത് കിട്ടേണ്ടതിന്റെ 75 ശതമാനവും പെയ്തുകഴിഞ്ഞു. 491.6 മില്ലീ മീറ്ററാണ് ഈ മൂന്നുമാസം പെയ്യേണ്ടത്. ഇതിനകം 365.3 മില്ലീമീറ്ററും പെയ്തുകഴിഞ്ഞു.

ഓറഞ്ച് അലര്‍ട്ട്

21/10/2021: പത്തനംതിട്ട, കോട്ടയം ഇടുക്കി

യെല്ലോ അലര്‍ട്ട്

21/10/2021: തിരുവനന്തപുരം,കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം

22/10/2021: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്

23/10/2021: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്

24/10/2021: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്