സംസ്ഥാനത്ത് ശക്തമായ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Jaihind Webdesk
Wednesday, August 7, 2019

സംസ്ഥാനത്ത് ശക്തമായ മഴ. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. വരും ദിവസങ്ങളിൽ കേരളത്തിൽ പല ജില്ലകളിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

കനത്ത മഴ വടക്കൻ കേരളത്തിൽ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. വയനാട്ടിൽ അമ്പലവയൽ കരിങ്കുറ്റിയിൽ റിസോർട്ട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ്കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. കനത്ത മഴയിൽ കോഴിക്കോട് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലായി. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ പല ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നും തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ നാളെയും  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചു. മണിക്കൂറിൽ 204 മില്ലീമീറ്ററിൽ കൂടുതൽ മഴ ഇവിടെ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിലും തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കേരള തീരത്ത് തെക്ക് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കി.മി. വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ പൊതുജനങ്ങൾ ജഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.