വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ തുടരുന്നു

Jaihind Webdesk
Thursday, May 19, 2022

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴി നില്‍ക്കുന്നതും വടക്കന്‍ കേരളം മുതല്‍ വിദര്‍ഭവരെ ന്യൂനമര്‍ദപ്പാത്തി നിലനില്‍ക്കുന്നതുംമൂലം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

മധ്യകേരളത്തിലും വടക്കന്‍ കേരളത്തില്‍ രാവിലെ കനത്ത മഴയാണ് പെയ്യുന്നത്. കോഴിക്കോട് ഇന്നലെ രാത്രി തുടങ്ങിയ മഴ രാവിലേയും തുടരുകയാണ്. ഇതോടെ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ രാവിലേയും തുടരുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

രാത്രി കനത്ത മഴ പെയ്തതോടെ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. എംജി റോഡ്, കലൂര്‍, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡ് എന്നിവിടങ്ങളില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനേ തുടര്‍ന്ന് കടകളിലേക്ക് വെള്ളം കയറി. പശ്ചിമ കൊച്ചിയിലും പലയിടത്തും വെള്ളം കയറി. തൃപ്പുണിത്തുറയില്‍ വീടുകളില്‍ വെള്ളം കയറിയതോടെ ആളുകളെ ഒഴിപ്പിച്ചു.

കോഴിക്കോട് കൊയിലാണ്ടിയില്‍ ദേശീയപാതയില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. മരം മുറിച്ചുനീക്കാനുള്ള ശ്രമം തുടരുകയാണ്. ഇടുക്കി നെടുംകണ്ടത്ത് വീടിന് മുകളിലേക്ക് മരം വീണു. കൊമ്പയാര്‍ സ്വദേശി സുരേഷിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. സുരേഷും കുടുംബവും ഉറങ്ങിക്കിടക്കുമ്പോഴാണ് മരം വീണതെങ്കിലും ആര്‍ക്കും പരിക്കില്ല.