സംസ്ഥാനത്ത് കനത്ത മഴ ; മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Jaihind Webdesk
Tuesday, October 12, 2021

മലപ്പുറം : കനത്ത മഴയിൽ വീട് തകർന്ന് മലപ്പുറത്ത്  കുട്ടികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സംഭവം. ലിയാന ഫാത്തിമ  (8), ലുബാന ഫാത്തിമ (ഏഴ് മാസം ) എന്നിവരാണ് മരിച്ചത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിന്റെ മകൾ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു  അപകടം.

പാലക്കാട് ജില്ലയിലും ഇന്നലെ രാത്രിയിൽ കനത്ത മഴ പെയ്തു. അട്ടപ്പാടി ചുരത്തിൽ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നീക്കം ചെയ്യാൻ ഉള്ള ശ്രമം തുടരുകയാണ്. ഒമ്പതാം മൈലിലും ഏഴാം മൈലിലും മരം വീണത് ഫയർഫോഴ്സ് എത്തി വെട്ടിമാറ്റി. വെള്ളച്ചാട്ടത്തിന് സമീപം റോഡിലേക്ക് വലിയ പാറക്കഷണം വീണ് കിടക്കുന്നത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു.

മധ്യകേരളത്തിലും മഴ തുടരുകയാണ്. ഇന്നലെ രാത്രി പല ജില്ലകളിലും ശക്തമായ മഴയായിരുന്നു. കോട്ടയത്ത് പടിഞ്ഞാറൻ മേഖലയിൽ കനത്ത മഴയാണ്. തിരുവാർപ്പ്, അയ്മനം, കുമരകം മേഖലകളിൽ മഴ ശക്തമാണ്. ഇടുക്കിയിൽ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്.