ഡല്‍ഹിയില്‍ കനത്ത മൂടൽ മഞ്ഞ്: നൂറിലധികം വിമാനങ്ങൾ വൈകുമെന്ന് വിമാനത്താവള അധികൃതർ

Friday, January 3, 2025

 

ഡൽഹി: കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നൂറിലധികം വിമാനങ്ങൾ വൈകി. പുതുക്കിയ വിമാനസമയങ്ങൾക്ക് എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകി. വിമാനങ്ങൾ വൈകിയതോടെ പ്രാദേശിക- അന്താരാഷ്ട്ര സർവീസുകളെ ബാധിച്ചു.

എക്‌സിലൂടെയാണ് വിമാനങ്ങൾ വൈകുമെന്ന വിവരം വിമാനത്താവള അധികൃതർ യാത്രക്കാരെ അറിയിച്ചത്. ഡൽഹി വിമാനത്താവളത്തിലേക്കുള്ള ദൃശ്യപരത കുറഞ്ഞുവെന്നും വിമാന സർവീസുകൾ മുടങ്ങുമെന്നും അവർ അറിയിച്ചു. വിമാനസർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിമാന സർവീസുകൾ ഉടനാരംഭിക്കും.

എന്നാൽ ഇതുവരെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡൽഹിയിലെ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ തങ്ങുകയാണ്.