ഹൃദയഭേദകം വയനാട്: ഒരേ മണ്ണില്‍ മടക്കം; തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം

 

മേപ്പാടി: മുണ്ടക്കൈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾക്ക് പുത്തുമലയിലെ 66 സെന്‍റ് ഭൂമിയിൽ അന്ത്യവിശ്രമം. ശരീരഭാ​ഗങ്ങളായും തിരിച്ചറിയാതെയും അവശേഷിച്ച മൃതദേഹങ്ങളാണ് പുത്തുമലയിൽ സംസ്കരിക്കുന്നത്. സ‍‌ർ‌വ്വമത പ്രാർത്ഥനകളോടെയാണ് സംസ്കാരച്ചടങ്ങുകൾ നടക്കുന്നത്. പേരറിയാത്ത മൃതദേഹങ്ങൾ നമ്പറുകളായാണ് ഇവിടെ സംസ്കരിക്കപ്പെടുന്നത്. ഓരോ മൃതദേഹാവശിഷ്ടവും മൃതദേഹമായി കണ്ട് പ്രത്യേകമാണ് സംസ്കരിക്കുന്നത്. പിന്നീട് ഡിഎൻഎ ടെസ്റ്റിലൂടെ മൃതദേഹം തിരിച്ചറിഞ്ഞേക്കാം.

ജൂലൈ 30 ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ നാനൂറോളം പേരാണ് മരിച്ചത്. തിരച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. 72 മണിക്കൂറിനുള്ളിൽ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞില്ലെങ്കിൽ അ‍ജ്ഞാത മൃതദേഹമായി കണ്ട് സംസ്കരിക്കാമെന്നിരിക്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്രയും ദിവസം കാത്തിരുന്നത്.

ഉരുള്‍പൊട്ടലിൽ പരുക്കേറ്റ 91 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. വീട് നഷ്ടപ്പെട്ട 2514 പേ‍ർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ഇന്നും കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഏഴാം ദിവസവും മുണ്ടക്കൈയിൽ കാണാതായവ‍ർക്കായി തിരച്ചില്‍ തുടരുകയാണ്. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. ബെയ്‍‍ലി പാലത്തിന് സമീപം ഇന്ന് വ്യാപക തിരച്ചിലാണ് തുടരുന്നത്. റഡാറുകൾ ഉൾപെടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ചാലിയാറിലും ഇന്ന് വ്യാപക തിരച്ചിൽ നടത്തും. ഇനിയും 180 പേരെയാണ് കണ്ടെത്താനുള്ളത്.

Comments (0)
Add Comment