മുഖ്യമന്ത്രി പിണറായി വിജയനായി കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങൾ വഴി മാറിയേതാടെ പോസീറ്റിവായവരുടെ കൊവിഡ് ടെസറ്റ് നടത്തണ്ടേ ദിവസങ്ങൾ കുറച്ച് ആരോഗ്യ കേരളം. പോസിറ്റീവായരുടെ ടെസ്റ്റ് നടത്തണ്ടേ ദിവസം പത്തിൽ നിന്നും എട്ടാക്കി ചുരുക്കി. മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ച് ഏഴാം നാള് വീണ്ടും പരിശോധന നടത്തിയത് വിവാദമായതിനു പിന്നാലെയാണ് ദേശീയ ആരോഗ്യദൗത്യത്തിന്റെ കീഴിലുള്ള ‘ആരോഗ്യകേരള’ത്തിന്റെ തിരുത്തല്‍.
‘ഏഴുദിവസം ക്വാറന്റൈന്, എട്ടാം നാള് ടെസ്റ്റ് ‘ എന്നാണ് ആരോഗ്യകേരളത്തിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നത്. കൊവിഡ് സ്ഥിരീകരിച്ച് പത്തുദിവസത്തിനുശേഷം അടുത്ത പരിശോധനയെന്ന പ്രോട്ടോകോള്‍ നിലനില്‍ക്കെയാണ് സമൂഹമാധ്യമങ്ങളില്‍ ആരോഗ്യകേരളം സ്വന്തമായ പ്രൊട്ടോകോളുണ്ടാക്കി പ്രചരിപ്പിക്കുന്നത്.
വി.ഐ.പികളുടെ ചികിത്സക്ക് നേതൃത്വം നല്കുന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനപ്രകാരം നേരത്തേ പരിശോധന നടത്താമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രൊട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ട് ചിലഡോക്ടര്മാരും മറ്റും വിശദീകരിച്ചിരുന്നത്. എന്നാല്‍ മുഴുവനാളുകള്‍ക്കും എട്ടാം നാള് വീണ്ടും പരിശോധന എന്ന വിവാദത്തില്‍നിന്ന് തലയൂരാനാണെന്ന് വ്യക്തമാണ്. കൊവിഡ് ബാധിച്ച് എട്ടാം നാള് വീണ്ടും പരിശോധിച്ചാല്‍ രോഗി നെഗറ്റിവാകാനുള്ള സാധ്യത എല്ലാവരിലും ഒരുപോലെയല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പത്തുദിവസം കഴിയുമ്പോള്‍ പരിശോധിച്ചാല്‍ തന്നെ പലരും നെഗറ്റീവാകുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സി.ടി സ്കാന്‍ എടുക്കാന്‍ കൊണ്ടുപോയതുള്‍പ്പെടെ കോവിഡ് ചട്ടങ്ങള്‍ പാലിച്ചായിരുന്നില്ല. പി.പി.ഇ കിറ്റ് പോലും ധരിക്കാതെയാണ് കൊവിഡ് ബാധിതനായ മുഖ്യമന്ത്രിക്ക് ചില ഡോക്ടര്‍മാര്‍ അകമ്പടി പോയത്. മുഖ്യമന്ത്രിക്കും പി.പി.ഇ വസ്ത്രമുണ്ടായിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ രണ്ടാം ദിവസമായിരുന്നു വിശദമായ പരിശോധനക്കായി സ്കാനിംഗ് നടത്തിയത്. മുഖ്യമന്ത്രി ആശുപത്രിയിലേക്ക് വരാന്‍ കാറില്‍ നിന്നിറങ്ങിയപ്പോള്‍ തൊട്ടടുത്തുനിന്ന് സല്യൂട്ട് നല്കിയ സിറ്റി പൊലീസ് മേധാവി എ.വി ജോര്‍ജിന്റെ നടപടിയും വിവാദമാകുകയാണ്.