ദുബായ് ദെയ്‌റ നയ്ഫില്‍ താമസക്കാരില്‍ ആരോഗ്യ പരിശോധന നടത്തി ആസ്റ്റര്‍ മെഡിക്കല്‍ സംഘം

ദുബായ് : മലയാളികള്‍ ഏറെയുള്ള ദെയ്‌റ നയ്ഫ് പ്രദേശത്തെ താമസക്കാരില്‍ ആരോഗ്യപരിശോധന നടത്തി ആസ്റ്റര്‍ മെഡിക്കല്‍ സംഘം. ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന് കീഴിലെ, ആസ്റ്റര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ അംഗങ്ങള്‍ എന്നിവരടങ്ങിയ 40 പേരാണു സേവന പ്രവര്‍ത്തനം നടത്തിയത്. 400ല്‍ അധികം പേരില്‍ കോവിഡ് പരിശോധന നടത്താനുള്ള സ്രവ സാമ്പിളുകള്‍ ശേഖരിച്ചതായും ആസ്റ്റര്‍ ക്ലിനിക് ആന്‍ഡ് ഹോസ്പിറ്റല്‍ സിഇഒ ഡോ. ജോബിലാല്‍ വാവച്ചന്‍ അറിയിച്ചു.

താമസക്കാരുടെ താപനില പരിശോധിക്കുകയും ഒരോരുത്തരുടെയും യാത്രാവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തുകയും ചെയ്തു.  കടുത്ത പനിയും മറ്റ് രോഗലക്ഷണങ്ങളും കാണിച്ചവരെ ആംബുലന്‍സുകളില്‍ ഐസലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി. രോഗലക്ഷണം കാണിക്കാത്തവരെ സമ്പര്‍ക്കവിലക്കോടെ കഴിയാന്‍ നിര്‍ദേശിച്ചാണ് മെഡിക്കല്‍ സംഘം മടങ്ങിയത്. ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

Comments (0)
Add Comment