ഇടുക്കി: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അസ്ലം ഓലിക്കന്‍. തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെതിരെയാണ് അസ്ലം ഓലിക്കന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതുജനം ദുരിതത്തില്‍ വലയുമ്പോള്‍ കോടികള്‍ മുടക്കി ദിവസങ്ങള്‍ കൊണ്ട് ഇതുപോലെ ഒരു ആസ്ഥാനം എന്തിനാണെന്നും ഒരു ഏരിയ കമ്മിറ്റിക്ക് 4 കോടി രൂപ എങ്ങിനെ ലഭിച്ചെന്നുമാണ് ചോദ്യം. അതേസമയം പട്ടിണിയും പരിവട്ടവുമായി സാധാരണക്കാര്‍ ഒരു നേരത്തെ അന്നത്തിനു വേണ്ടി ഓടുമ്പോള്‍ സിപിഐഎമ്മിന് മാത്രം ഇത് ആഘോഷത്തിന്റെ രാവാണ്. മണ്ണ് മാഫിയയുടെയും കോറി മാഫിയയുടെയും ഏജന്റായി സിപിഎം മാറി കഴിഞ്ഞുവെന്നും അദ്ദേഹം അരോപിച്ചു.
ഇന്ന് തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനമാണ്. കേവലം മൂന്നുമാസം കൊണ്ട് ഒരു തൊഴിലാളി പാര്‍ട്ടിക്ക് ഇത്രയും രൂപ മുടക്കി മണിമാളിക കെട്ടാന്‍ ആരാണ് പൈസ കൊടുത്തത് ? വഴിവിട്ട രീതിയില്‍ പണം സമ്പാദിക്കുന്ന എല്ലാ മാഫിയകളേയും സംരക്ഷിച്ചു നിര്‍ത്തുന്നത് ഇക്കൂട്ടരാണല്ലോ. നാടുമുഴുവന്‍ വിറ്റ് തുലച്ച് ജനങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടുവാരി സര്‍ക്കാര്‍ ധൂര്‍ത്തടിച്ച് അരങ്ങു വാഴുമ്പോള്‍ പാര്‍ട്ടി ഏരിയ കമ്മിറ്റികളും ലോക്കല്‍ കമ്മിറ്റികളും മറുവശത്ത് മാഫിയ പ്രവര്‍ത്തനം എങ്കിലും നടത്തണമല്ലോ എന്നും കുറ്റപ്പെടുത്തി. ഇതിന് എം വി ഗോവിന്ദന്‍ മറുപടി പറയണമെന്നും അസ്ലം ഓലിക്കന്‍ പറഞ്ഞു.