സ്പ്രിങ്ക്ളര്‍ കരാര്‍ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

Jaihind News Bureau
Monday, May 18, 2020

കൊച്ചി : സ്പ്രിങ്ക്ളർ ഡാറ്റ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജികൾ പരിഗണിച്ചപ്പോൾ സ്പ്രിങ്ക്ളറിന് കർശന ഉപാധികളോടെ അനുമതി നൽകി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. 3 ആഴ്ചയ്ക്ക് ശേഷമാണ് ഡിവിഷൻ ബെഞ്ച് ഹർജികൾ വീണ്ടും പരിഗണിക്കുന്നത്.

വിവാദമായ സ്പ്രിങ്ക്ളർ കരാറിൽ സർക്കാരിനെ കുറ്റപ്പെടുത്തിയും, മുന്നറിയിപ്പ് നൽകിയും, വിമർശിച്ചുമാണ് കഴിഞ്ഞ തവണ
ഹർജികൾ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തവിട്ടത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ തൽക്കാലം കരാറിൽ ഇടപെടുന്നില്ലെന്നും, വ്യക്തി സുരക്ഷ ഉറപ്പ് നൽകാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ഇടക്കാല ഉത്തരവിൽ കോടതി പറയുകയുണ്ടായി. മൂന്നാഴ്ചയ്ക്ക് ശേഷം, മേയ് 18ന് ഹർജികൾ വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സ്പ്രിങ്ക്ളർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഇടക്കാല ഉത്തരവിന്മേൽ സർക്കാർ സ്വീകരിച്ച നടപടികൾ അഡ്വക്കറ്റ് ജനറൽ ഇന്ന് കോടതിയിൽ വിശദീകരിക്കും. കരാറിൽ കോടതിക്ക് തൃപ്തിയില്ലെന്നും, മറ്റൊരു സാഹചര്യമായിരുന്നുവെങ്കിൽ ഇടപെട്ടേനെയെന്നും നേരത്തെ ഇടക്കാല ഉത്തരവിട്ടുകൊണ്ട് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

സ്പ്രിങ്ക്ളറിനെതിരെ പരാതി ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും തയാറാകാത്ത പോലീസ് നടപടിയെ ചോദ്യം ചെയ്ത ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇടക്കാല ഉത്തരവിനെ തുടർന്ന് സ്പ്രിങ്ക്ളർ ഡാറ്റാ കരാറിൽ ഹൈക്കോടതി സർക്കാരിനും, സ്പ്രിങ്ക്ളർ കമ്പനിക്കും നോട്ടീസയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി, ഐ.ടി സെക്രട്ടറി എം ശിവശങ്കരൻ, സ്പ്രിങ്ക്ളർ കമ്പനി, കമ്പനി ഉടമ രാഗി തോമസ്, ഡി.ജി.പി തുടങ്ങി 8 പേർക്കാണ് കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. സ്പീഡ് പോസ്റ്റായും, ഇ മെയിലായും നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് കോടതി നോട്ടിസ് അയച്ചിട്ടില്ല. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഓണ്‍ലൈനിൽ കൂടി തന്നെയായിരിക്കും ഇന്നും ഹൈക്കോടതി ഡിവിഷന്‍ ഹർജികൾ പരിഗണിക്കുക.

teevandi enkile ennodu para