തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം : എതിര്‍ ഹർജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Thursday, March 7, 2019

Trivandrum-International-Airport

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണത്തിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിമാനത്താവളത്തിൻറെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ നടപടികൾ തടയണമെന്നാണ് ഹർജിയുടെ ആവശ്യം. കേന്ദ്രസർക്കാർ സംസ്ഥാനവുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചെന്നാണ് സംസ്ഥാന സർക്കാരിൻറെ പ്രധാന വാദം.

വിമാനത്താവളത്തിനായുള്ള സാമ്പത്തിക ലേലത്തിൽ പങ്കെടുത്ത കെഎസ്‌ഐഡിസി പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് സ്വകാര്യവത്കരണത്തിനെതിരെ കോടതിയിൽ ഹർജി നൽകിയത്. 2005ൽ 324 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്ത് നൽകിയത്. ഈ ഭൂമി മറ്റാർക്കും കൈമാറരുതെന്നാണ് വ്യവസ്ഥയെന്ന് സർക്കാർ വാദിക്കും. ഭൂമി ഏറ്റെടുക്കാൻ മുടക്കിയ തുകയ്ക്ക് തുല്യമായ ഓഹരി സംസ്ഥാനത്തിന് നൽകാമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടും. കൂടാതെ സ്വകാര്യവത്കരണമുണ്ടാകില്ലെന്ന ധാരണയിലാണ് 2003ൽ 27 ഏക്കർ ഭൂമി സൗജന്യമായി ഏറ്റെടുത്ത് നൽകിയിരുന്നുവെന്നും സർക്കാർ ഹർജിയിൽ പറയുന്നു. വിമാനത്താവളത്തിനായി തിരുവിതാംകൂർ നൽകിയ 258 ഏക്കർഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനാണെന്ന് ഹർജിയിൽ വാദമുണ്ട്. അദാനി ഗ്രൂപ്പിന്റെ ടെൻഡറിനേക്കാൾ കെ.എസ്.ഐ.ഡി.സി മുഖേന സർക്കാർ നൽകിയ ടെൻഡർ അംഗീകരിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ബാധ്യതയുണ്ടെന്ന് പ്രഖ്യാപിക്കണം, ടെൻഡർ നടപടികളടക്കമുള്ള രേഖകൾ വിളിച്ചുവരുത്തി റദ്ദാക്കണം എന്നീ ആവശ്യങ്ങളും ഹരജിയിലുണ്ട്. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തിൽ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുക നിർദ്ദേശിച്ചത്. തുടർന്ന് സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട ലേല നടപടികൾ സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. സംസ്ഥാന സർക്കാരും കെഎസ്‌ഐഡിസിയും നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണവും തേടിയിരുന്നു.[yop_poll id=2]