സർക്കാരിന് തിരിച്ചടി; വീണ.എസ്.നായർക്കെതിരായ കേസിന് സ്റ്റേ

Jaihind News Bureau
Thursday, June 4, 2020

മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ.എസ്.നായർക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ആണ് കോടതി സ്റ്റേ ചെയ്തത്.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനെതിരെ സമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചതിന്‍റെ പേരിലാണ് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി എന്ന് കാണിച്ച് പോലീസ് കേസെടുത്തത്. എന്നാൽ തനിക്കെതിരായ കേസ് ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് കൊണ്ട് വീണ നൽകിയ ഹർജിയിലാണ് കോടതി നടപടി.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നില നിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ പണം ചിലവഴിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദൃശ്യമാധ്യമങ്ങളിലെ സ്ലോട്ടുകൾ വാങ്ങിച്ച് തന്‍റെ പ്രശസ്തി വർദ്ധിപ്പിക്കാൻ പ്രചരണം നടത്തുന്നു എന്ന് സാമൂഹ്യ മാധ്യമത്തിൽ പറഞ്ഞതിനായിരുന്നു കൊച്ചി പോലീസ് കേസെടുത്തത്. വീണ നായർക്കെതിരെ കേസെടുത്ത നടപടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കൂടാതെ കോൺഗ്രസ് നേതൃത്വവും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

കേസെടുത്തതിന് പിന്നാലെ പോലീസ് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഇന്ന് കേസ് പരിഗണിച്ച കോടതി നടപടി സ്റ്റേ ചെയ്യുകയായിരുന്നു.