കെ.എസ്.ആര്‍.ടിസിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം; കണക്കുകളില്‍ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തണം

Jaihind Webdesk
Tuesday, January 22, 2019

 

KSRTC

കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്ഥാപനത്തിന്‍റെ കണക്കുകളിൽ കൃത്യതയും സുതാര്യതയും ഉറപ്പു വരുത്തണമണെന്ന് കോടതി നിർദേശം നൽകി. എം പാനൽ ജീവനക്കാരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

കെ.എസ്.ആർ.ടി.സി ആരെയാണ് ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. എം പാനലുകാരെ ഒഴിവാക്കിയിട്ടും ബസുകൾ ഓടുന്നില്ലേയെന്നും ആരാഞ്ഞു. പത്ത് വർഷം ജോലി ചെയ്തിട്ടും കെ.എസ്.ആർ.ടി.സി പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്നായിരുന്നു പിരിച്ചു വിട്ട തൊഴിലാളികളുടെ വാദം. ജോലി പോയവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. 480 രൂപ ദിവസ വേതനത്തിന് എം പാനലുകാരെ കൊണ്ട് പണിയെടുപ്പിക്കുന്നത് ചട്ട വിരുദ്ധമാണ്. സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണിത്.

ഹർജിയിൽ കെ.എസ്.ആർ.ടി.സിയും കോടതിയിൽ നിലപാടറിയിച്ചു. ഇനി വരുന്ന ഒഴിവുകൾ പി.എസ്‌.സിയെ യഥാസമയം അറിയിച്ച് നിയമനം നടത്തുമെന്ന് കോർപറേഷൻ ഉറപ്പ് നൽകി. സ്ഥാപനത്തിന്‍റെ പുരോഗതി ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ മാനേജ്‌മെന്‍റ് നടപ്പിലാക്കുന്നുണ്ട്. ലാഭകരമല്ലാത്ത ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിഷ്‌ക്കരണ നടപടികളിലൂടെ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാമെന്നാണ് പ്രതീക്ഷയെന്നും മാനേജ്‌മെന്‍റ് കോടതിയെ അറിയിച്ചു.