ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി; സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ചികിത്സയുടെ പേരിൽ അടിയന്തര പരോൾ അനുവദിക്കരുതെന്നും, സർക്കാർ രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയും സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ ലഭിക്കുന്നതിനെതിരെ ടി.പിയുടെ ഭാര്യ കെ.കെ രമയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 29 മാസങ്ങൾക്കിടെ 216 ദിവസം കുഞ്ഞനന്തന് പരോൾ അനുവദിച്ചെന്ന് രമ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2016-2017 വർഷങ്ങളിൽ കുഞ്ഞനന്തന്‍ കൂടുതൽ ദിവസവും പരോളിലായിരുന്നു. ചികിത്സയുടെ പേരിൽ അടിയന്തര പരോൾ അനുവദിച്ചുവെന്നായിരുന്നു സർക്കാർ വാദം.

എന്നാൽ പരോളിലിറങ്ങിയ കുഞ്ഞനന്തൻ തുടർച്ചയായി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതായി തെളിവുകൾ സഹിതം കെ.കെ രമ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. അസുഖം ഉണ്ടെങ്കിൽ ജയിൽ ചട്ടങ്ങൾ അനുസരിച്ച് ചികിത്സ നൽകുകയാണ് വേണ്ടതെന്ന് കോടതി നിർദേശിച്ചു. അല്ലാതെ അടിയന്തര പരോൾ അനുവദിക്കുകയല്ല ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ രണ്ടാഴ്ചക്കകം സർക്കാർ വിശദീകരണം നൽകണം. പി.കെ കുഞ്ഞനന്തന് നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

P K Kunjananthant.p chandrashekharan
Comments (0)
Add Comment