നിലയ്ക്കലിലും പമ്പയിലും നടന്ന സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. അതേസമയം, ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തൻ ശിവദാസന്‍റെ മരണം തുടയെല്ല് പൊട്ടിയിട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
സംഘർഷത്തിൽ അറസ്റ്റിലായ അഭിഭാഷകൻറെ ജാമ്യഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിർദേശം. ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാ ദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സർക്കാർ തയ്യാറാക്കിയത് സിപിഎം ഗ്രൂപ്പുകൾ വഴിയാണെന്നാണ് ഹർജിക്കാരൻ കോടതിയിൽ ആരോപിച്ചത്.
അതേസമയം, ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തൻ ശിവദാസന്‍റെ മരണം തുടയെല്ല് പൊട്ടിയിട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് ഒരാഴ്ചക്ക് മേൽ പഴക്കമുണ്ട്.
വിഷം ഉള്ളിൽ ചെന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. ഉയരത്തിൽ നിന്നുള്ള വീഴ്ച കൊണ്ടോ അപകടം കൊണ്ടോ തുടയെല്ല് പൊട്ടാം. ശരീരത്തിൽ മറ്റ് ഭാഗങ്ങളിൽ കാര്യമായ ക്ഷതം ഉള്ളതായി പ്രാഥമിക പരിശോധനയിൽ വിവരമില്ല. മുഖം ഉൾപ്പെടെ ശരീരത്തിലെ പല ഭാഗങ്ങളും പൂർണമായും അഴുകിയ നിലയിലാണ് കണ്ടെത്തിയതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.