ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല ; ക്രൗഡ് ഫണ്ടിംഗില്‍ ഹൈക്കോടതി

Jaihind Webdesk
Friday, July 9, 2021

കൊച്ചി : ചാരിറ്റി ഇടപാടുകളിലെ ക്രൗഡ് ഫണ്ടിംഗില്‍ കര്‍ശന ഇടപെടലുമായി ഹൈക്കോടതി. സംസ്ഥാനത്ത് ആര്‍ക്കും എങ്ങനെയും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണപ്പിരിവില്‍ സര്‍ക്കാര്‍ നിയന്ത്രണം വേണം. എസ്എംഎ രോഗബാധിതനായ കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ക്രൗഡ് ഫണ്ടിംഗിന് കോടതി എതിരല്ല. പക്ഷേ ക്രൗഡ് ഫണ്ടിംഗിന്റെ മറവില്‍ മറ്റുള്ളവര്‍ സാമ്പത്തിക ലാഭം നേടാന്‍ ഇടവരരുത്. ചാരിറ്റിപ്രവര്‍ത്തനത്തിനായി പണം നല്‍കുന്നവര്‍ കബളിപ്പിക്കപെടാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. ചാരിറ്റിക്കായി സാമ്പത്തിക സഹായം തേടുന്ന യൂട്യൂബര്‍മാരും മറ്റും തങ്ങളുടെ സ്വന്തം അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് നിര്‍ബന്ധിക്കരുത്. ക്രൗഡ് ഫണ്ടിംഗില്‍ പണം എവിടെ നിന്നാണ് വരുന്നതെന്ന് കൃത്യമായി പരിശോധിക്കപ്പെടണം.

നിയന്ത്രണങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ സത്യസന്ധമായ സോഴ്‌സില്‍ നിന്നും അര്‍ഹരായ കുട്ടികള്‍ക്ക് സഹായമായി പണം എത്തുന്നത് തടയാൻ പാടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പിരിച്ച പണം അധികമായതിനെക്കുറിച്ച്‌ അടിപിടിപോലും ഉണ്ടാകുന്നു. ഇത്തരം പണപ്പിരിവില്‍ സംസ്ഥാനത്തിന് കര്‍ശന നിയന്ത്രണം ഉണ്ടാവണമെന്നു കോടതി വ്യക്തമാക്കി. പണം വരുന്നത് പരിശോധിക്കാനായി സമഗ്രമായ നയരൂപീകരണം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.