സ്പ്രിങ്ക്ളറിന് മൂക്കുകയറിട്ട് ഹൈക്കോടതി; ഉപാധികള്‍ ലംഘിച്ചാല്‍ സ്പ്രിങ്ക്ളറിനെ വിലക്കും; സർക്കാരിന് തിരിച്ചടി

Jaihind News Bureau
Friday, April 24, 2020

 

സ്പ്രിങ്ക്ളര്‍ കരാറില്‍ കർശന ഉപാധികളുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. വിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കണം. കരാറിന് ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകി. സ്വകാര്യതാ ലംഘനം ഉണ്ടായാല്‍ സ്പ്രിങ്ക്ളറിനെ വിലക്കുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

എല്ലാ ഡാറ്റയുടെയും രഹസ്യാത്മകത ഉറപ്പാക്കിയേ സ്പ്രിങ്ക്ളറിന് നൽകാവൂ എന്ന് ഹൈക്കോടതി പറഞ്ഞു. വ്യക്തിയെ തിരിച്ചറിയാൻ കമ്പനിക്ക് കഴിയരുത്. സ്വകാര്യതാ ലംഘനം ഉണ്ടായാൽ സ്പ്രിങ്ക്ളറിനെ വിലക്കും. സർക്കാരിന്‍റെ പേരും മുദ്രയും സ്പ്രിങ്ക്ളര്‍ പരസ്യത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. കരാർ കാലാവധിക്കു ശേഷം ഡാറ്റ മുഴുവൻ തിരിച്ചു നൽകണമെന്നും കോടതി നിർദേശിച്ചു.

നേരത്തെ സ്പ്രിങ്ക്ളർ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് അപകടകരമായ നിലപാടാണെന്ന് വാദം നടക്കവെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വസ്തുതകള്‍ മൂടിവെക്കരുതെന്നും സുരക്ഷയെക്കാള്‍ വലുത് ജീവനാണെന്ന സർക്കാർ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.  കമ്പനിയെ എങ്ങനെ തെരഞ്ഞെടുത്തെന്ന് വ്യക്തമല്ലെന്നിരിക്കെ വിഷയത്തെ ലാഘവത്തോടെ കാണരുതെന്ന് കോടതി പറഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്ക് ഡാഷ്ബോർഡ് നിർമിച്ചു നൽകിയത് അവരുടെ എസ്.എ.എസ് സേവനവുമായി ബന്ധപ്പെടുത്തരുത്.  രോഗത്തെക്കാൾ മോശമായ രോഗ പരിഹാരമാണോ സർക്കാർ മുന്നോട്ടു വെക്കുന്നതെന്നും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. കേസിലെ കക്ഷികളായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.ആർ.നീലകണ്ഠൻ, ഐടി വിദഗ്ധൻ തുടങ്ങിയവരുടെ വാദത്തിനുശേഷം സർക്കാർ അഭിഭാഷക വാദം തുടരുന്നതിനിടെയാണ് സർക്കാർ നടപടിക്കെതിരെയുള്ള കോടതിയുടെ പരാമർശം. ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമെന്ന് അഭിഭാഷക പറഞ്ഞപ്പോൾ അത് എടുത്തുപറഞ്ഞ് വിവര സുരക്ഷിതത്വത്തിൽ കൂടുതൽ കരുതൽ വേണ്ടത് സർക്കാരിനു തന്നെയെന്ന് ഹൈക്കോടതിയും വിശദീകരിച്ചു.

സ്പ്രിങ്ക്ളര്‍ കമ്പനി കരാർ ലംഘിച്ചാൽ അമേരിക്കയിൽ മാത്രമേ നിയമ നടപടി എടുക്കാൻ കഴിയൂ എന്ന വിവരം സർക്കാർ കോടതിയിൽ സമ്മതിച്ചു. എന്നാൽ ഏതെങ്കിലും തരത്തിൽ വിവരച്ചോർച്ചയുണ്ടായാൽ പൊതുജനങ്ങൾക്ക് ക്രിമിനൽ നടപടിയുമായി രാജ്യത്തെ കോടതികളെ സമീപിക്കാമെന്നും കോടതിയെ അറിയിച്ചു. അഞ്ചു ലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്യാൻ സർക്കാരിന് ശേഷി ഇല്ലേ എന്ന് ചോദിച്ച കോടതി എന്തു കൊണ്ട് കേന്ദ്ര ഏജൻസികളുടെ സേവനം ഉപയോഗിച്ചില്ലെന്നും ആരാഞ്ഞു. എന്ത് മാനദണ്ഡത്തിലാണ് സ്പ്രിങ്കളറിനെ തെരഞ്ഞെടുത്തതെന്നും കോടതി ചോദിച്ചു. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.