പ്രവാസി വ്യവസായിയുടെ ആത്മഹത്യ : സംസ്ഥാന സർക്കാരിനോട് ഹെക്കോടതി വിശദീകരണം തേടി

ആന്തൂരിൽ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സർക്കാരിൽ നിന്ന് വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിർദേശം. മരണം അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ ഹൈക്കോടതി മരണം അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. കെട്ടിട അനുമതിക്കായുള്ള അപേക്ഷകളിലടക്കം തദ്ദേശഭരണ സ്ഥാപനങ്ങൾ മൗനം പാലിക്കുന്നത് മാപ്പർഹിക്കാത്ത തെറ്റാണ്. അപേക്ഷകളിൽ തീർപ്പ് ലഭിക്കുന്നതിനായി ഓടി നടക്കുന്നവർ ശ്രദ്ധയിലുണ്ട്.  ഒരാൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത് അപൂർവ സാഹചര്യമാണെന്നും സംഭവത്തിൽ സർക്കാർ തലത്തിൽ സമഗ്രമായ അന്വേഷണം നടത്തി അടുത്ത മാസം 15 നകം വിശദമായ റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കെട്ടിട അനുമതി സംബന്ധിച്ച എല്ലാ രേഖകളും കോടതിയിൽ ഹാജരാക്കണം. മുൻസിപ്പാലിറ്റിയും ബിസിനസുകാരനും തമ്മിലുള്ള ഇടപെടലുകളും ഇതിൽ ഉണ്ടാവണം.

മരിച്ചവരെ തിരികെ കൊണ്ടുവരാൻ സാധിക്കില്ല. അതിനാൽ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ ഉതകുന്ന അനുകൂല നടപടികൾ സ്വീകരിക്കണം. വ്യവസായങ്ങളെ ബാധിക്കാത്ത രീതിയിലുള്ള നടപടികൾ വേണമെന്നും കോടതി പറഞ്ഞു. പ്രവാസി വ്യവസായിയായ ആന്തൂർ ചിറയ്‌ക്കൽ പാറയിൽ ഹൗസിൽ സാജനാണ്‌ ആത്‌മഹത്യ ചെയ്‌തത്‌.

sajan
Comments (0)
Add Comment