കുഴല്‍പ്പണം കൊണ്ടുവന്നത്‌ ബിജെപിക്ക് വേണ്ടിയാണെന്ന് മൊഴി ; ചോദ്യം ചെയ്ത് വിട്ടയച്ച നേതാക്കളെ വീണ്ടും വിളിപ്പിക്കും

Jaihind Webdesk
Tuesday, June 1, 2021

തൃശൂർ : കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്ത് വിട്ടയച്ച ബിജെപി നേതാക്കളെ പ്രത്യേക അന്വേഷണ സംഘം വീണ്ടും വിളിപ്പിക്കും. പണം കൊണ്ടു വന്നത്  ബിജെപിക്ക് വേണ്ടിയാണെന്ന ധർമരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുകയാണ് അന്വേഷണ സംഘം.

കൊടകര കുഴൽപ്പണക്കേസിലെ പരാതിക്കാരനായ ധർമ്മരാജനെ രണ്ട് തവണയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. കവർച്ച ചെയ്യപ്പെട്ട പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ധർമ്മരാജന്റെ മൊഴിയിൽ പറയുന്നു. കോഴിക്കാട് നിന്ന് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കാണ് പണം നൽകിയത്. ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തക്ക് കൈമാറാനാണ് പണം കൊണ്ടു പോയതെന്നും ധർമരാജൻ വ്യക്തമാക്കി. സംഘടനാ കാര്യങ്ങൾക്കും തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനുമാണ് ധർമ്മരാജനെ വിളിച്ചതെന്ന ബിജെപി നേതാക്കളുടെ മൊഴിയും അന്വേഷണ സംഘം തള്ളി. ധർമ്മരാജന് തിരഞ്ഞെടുപ്പ് ചുമതലകൾ ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

തിരഞ്ഞെടുപ്പ് സാമ​ഗ്രികളുമായല്ല ധർമരാജൻ തൃശ്ശൂരിൽ എത്തിയതെന്നും കണ്ടെത്തി. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച അന്വേഷണ സംഘം ബി ജെ പി സംസ്ഥാന നേതാക്കളെ അടക്കം വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. അതിനിടെ കവർച്ച ചെയ്യപ്പെട്ട കൂടുതൽ പണം വീണ്ടെടുക്കാനുള്ള അന്വേഷണവും പുരോഗമിക്കുന്നു. ഇന്നും പ്രതികളുടെ കണ്ണൂരിലെ വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല. ഇതുവരെ ഒന്നേകാൽ കോടി രൂപയാണ് വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. മൂന്നര കോടി രൂപ കവർച്ച ചെയ്യപ്പെട്ടുവെന്നാണ് നിഗമനം.