ലക്ഷ്യം മോദിയെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുക: രാഹുല്‍ഗാന്ധി; കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി ഇന്ത്യയെ ഉന്നതിയിലേക്ക് നയിക്കും; റഫേലില്‍ മോദിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ല

ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി തകര്‍ന്നടിയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നിരവധി പ്രധാന എതിരാളികളാണ് ഉള്ളത്. ഒന്ന് രാജ്യത്തെ തൊഴിലില്ലാത്ത യുവജനങ്ങള്‍, രണ്ട് നരേന്ദ്രമോദിയുടെ പോളിസികള്‍ കാരണം തകര്‍ന്നടിഞ്ഞ കാര്‍ഷിക രംഗം. മൂന്നാമത്തേത് സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞ സാമ്പത്തിക രംഗം.

അധികാരത്തിൽ വരുമോ എന്ന ചോദ്യത്തിന് ഉറപ്പായും വരും എന്നായിരുന്നു രാഹുലിന്റെ ഉത്തരം: ”മോദി ഇത്തവണ വിജയിക്കാന്‍ പോകുന്നില്ല. കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ ആയിരിക്കും അധികാരത്തിലേറാൻ പോകുന്നത്, പ്രധാനമന്ത്രി താനാകും എന്നു പറയാൻ ആളല്ല, അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്”, അഭിമുഖത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

”മോദിക്ക് കൃത്യമായ ഒരു വിദേശകാര്യനയം ഇല്ല. അദ്ദേഹത്തിനു തോന്നുന്നതു പോലെയാണ് ഓരോ ദിവസവും പെരുമാറുന്നത്. ഉദാഹരണത്തിന് അഫ്ഗാനിസ്ഥാൻ സന്ദർശിക്കുകയാണെന്നിരിക്കട്ടെ, പെട്ടെന്നായിരിക്കും, അവിടെവെച്ച് അദ്ദേഹം പാക്കിസ്ഥാനിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്. ഇതുവഴി അഫ്ഗാനിസ്ഥാനിലുള്ള ജനങ്ങൾക്കു ലഭിക്കുന്നത് തെറ്റായ സന്ദേശം ആണ്. എന്തിനാണ് പാക്കിസ്ഥാനിലേക്ക് പോയതെന്ന് മോദിക്കുപോലും അറിയുകയില്ല. വിദേശനയത്തെക്കുറിച്ച് സാമാന്യബോധം പോലും മോദിക്കില്ല. വിദേശനയമെന്നാൽ പറ്റാവുന്നത്ര ലോകനേതാക്കളെ കെട്ടിപ്പിടിക്കുക എന്നതാണെന്നാണ് മോദിയുടെ ധാരണ”–രാഹുൽ കൂട്ടിച്ചേർത്തു.

നരേന്ദ്രമോദി എന്നോട് ദേഷ്യപ്പെട്ടു, കയര്‍ത്തു. പക്ഷേ ‍ഞാൻ ക്ഷമയോടെയും സ്നേഹത്തോടെയുമാണ് പെരുമാറിയത്. നോക്കൂ ഞാൻ നിങ്ങളുടെ എതിരാളിയാണ്, പക്ഷേ രാജ്യത്തിന്‍റെ താത്പര്യ പ്രകാരമാണ് വന്നത് എന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ അടുക്കലെത്തിയത്. എന്നാൽ എന്നോട് മാറിനിൽക്കാനാണ് പറഞ്ഞത്. എനിക്കദ്ദേഹത്തോട് സ്നേഹമുണ്ട്. പക്ഷേ ഞാൻ സത്യം പറയും. സത്യത്തെ അവഗണിക്കാൻ എനിക്കാകില്ല.

എന്‍.ഡി.എ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം സാമ്പത്തിക രംഗം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. യു.പി.എകാലത്തുണ്ടായിരുന്ന സാമ്പത്തികോന്നമനം ഇന്ന് നശിച്ചിരിക്കുകയാണ്. മറ്റ് രണ്ടെണ്ണം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റഫേല്‍ അഴിമതിയും മറ്റൊന്ന് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റുമാണ് -രാഹുല്‍ഗാന്ധി ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
ന്യായ് പദ്ധതിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. ഇതിനായി സാധാരണക്കാരില്‍ നിന്നോ നികുതിയിലൂടെയോ അല്ല കണ്ടെത്തുന്നത്. രാജ്യത്തെ കബളിപ്പിച്ച് പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും സഹായത്തോടെ രാജ്യം വിട്ട ശതകോടീശന്‍മാരില്‍ നിന്നായിരിക്കും -രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

യാഥാര്‍ത്ഥ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കാന്‍ ദേശസ്‌നേഹവും ദേശസുരക്ഷയെയും മറയാക്കുകയാണ് നരേന്ദ്രമോദി. ഇന്ത്യയിലെ യുവജനങ്ങള്‍ ഇന്ന് തൊഴില്‍രഹിതരാണ് ഒരു ഭാവിസുരക്ഷിതത്വം അവര്‍ക്ക് സര്‍ക്കാര്‍ കാണിച്ചുകൊടുക്കുന്നില്ല. അതൊരു വലിയ ദേശീയ വിഷയമാണ്. ഇപ്പോഴുണ്ടായിരുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയെക്കുറിച്ച് എന്തുകൊണ്ട് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ പറയുന്നില്ല? കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് രാജ്യത്തിന്റെ ഏറ്റവും വലിയ വിഷയമല്ലേ? അതേ വിഷയമാണ്. പക്ഷേ പ്രധാനമന്ത്രി അതിനെക്കുറിച്ചും മിണ്ടാറില്ല. നരേന്ദ്രമോദി രണ്ടുകോടി തൊഴിലവസരങ്ങള്‍ ഉറപ്പുകൊടുത്തു, പരാജയപ്പെട്ടു. എല്ലാ ബാങ്ക് അക്കൗണ്ടിലും 15 ലക്ഷം രൂപ നല്‍കുമെന്ന് ഉറപ്പുകൊടുത്തു, പരാജയപ്പെട്ടു. കാര്‍ഷിക രംഗത്തിന് പ്രാധാന്യം നല്‍കുമെന്ന് ഉറപ്പുകൊടുത്തു, പരാജയപ്പെട്ടു. ഇതൊക്കെയും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍. എന്തുകൊണ്ട് ഇതിനെക്കുറിച്ചൊന്നും മോദി പറയുന്നില്ല – രാഹുല്‍ഗാന്ധി ചോദിച്ചു.

ഇന്ത്യന്‍ സാമ്പത്തികരംഗത്തോട് മോദി ചെയ്തത് ബുദ്ധിശൂന്യതയാണ്. മുന്നോട്ടുകുതിക്കാതിരുന്ന സാമ്പത്തികരംഗത്തെ പെട്ടെന്ന് നോട്ട് നിരോധനത്തിലൂടെ തകര്‍ക്കുകയാണ് മോദി ചെയ്തത്. അതിനുശേഷം അതാ ജി.എസ്.ടി ഇന്ത്യയിലെ ഏതൊരു വ്യാപാരിയോടും ചോദിച്ചുനോക്കൂ, അത് വലുതോ ചെറുതോ ഇടത്തരമോ ഏത് വ്യാപാരരംഗമാണെങ്കിലും ജി.എസ്.ടികാരണം എന്താണ് സംഭവിച്ചതെന്ന്.

500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിക്കുക എന്ന ബുദ്ധി എവിടെനിന്നാണ് മോദിക്ക് ലഭിച്ചത്? -ജനങ്ങള്‍ ചിന്തിക്കുന്നുണ്ട് ഇതിനെക്കുറിച്ചൊക്കെ.
ഈ തെരഞ്ഞടുപ്പ് രാജ്യത്തിന്റെ ഭാവിയെ തീരുമാനിക്കുന്ന തെരഞ്ഞൈടുപ്പാണ്.
മോദിക്ക് വ്യക്തമായൊരു വിദേശനയം പോലുമില്ലായെന്നുള്ളത് വസ്തുതയാണ്. അദ്ദേഹം കരുതിയിരിക്കുന്നത് വിദേശരാജ്യങ്ങളിലെ നേതാക്കളെ കെട്ടിപ്പിടിക്കുന്നതാണ് നയതന്ത്ര വിജയമെന്നാണ്് നരേന്ദ്രമോദി കരുതിവെച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെ ആശ്ലേഷങ്ങള്‍ അവസരവാദപരമാണ്.

റഫേലില്‍ 30000 കോടി രൂപ അനില്‍ അംബാനിക്ക് നല്‍കിയെന്നത് വ്യക്തമാണ്. അതിനുവേണ്ടുന്ന തെളിവുകളൊക്കെ പുറത്തുവന്നിട്ടുമുണ്ട്. ദി ഹിന്ദു ദിനപത്രം ചിലതൊക്കെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കാവല്‍ക്കാരന്‍ കള്ളനാണ് എന്നതില്‍ കുറഞ്ഞ മറ്റൊരുവാക്കുകൊണ്ടും ഈ അഴിമതിയെ വിശേഷിപ്പിക്കാന്‍ ആകില്ല. അതിനാല്‍ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മുദ്രവാക്യം ആവര്‍ത്തിക്കുക ചെയ്യും. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ റഫേലില്‍ വിശദമായ അന്വേഷണം നടത്തുമെന്നത് ഉറപ്പാണ്. ലോകത്തിലെ വലിയൊരു പ്രതിരോധകരാര്‍ ജീവിതത്തില്‍ ഒരു വിമാനം പോലും ഉണ്ടാക്കിയിട്ടില്ലാത്ത വ്യക്തിക്ക് കൈമാറിയതിന്റെ പിന്നിലെ കാരണങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതാണ്. – ഇന്ത്യടുഡേയോട് രാഹുല്‍ഗാന്ധി പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക…

അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം…

AICCinterview rahul gandhirahul gandhicongressbjp
Comments (0)
Add Comment