ബെല്‍ച്ചിയുടെ തനിയാവര്‍ത്തനം ഹാത്രസില്‍: ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Saturday, October 3, 2020

നാല് പതിറ്റാണ്ട് മുമ്പ് ബെല്‍ച്ചിയില്‍ സംഭവിച്ചതിന്‍റെ തനിയാവര്‍ത്തനമാണ് ഹാത്രസില്‍ അരങ്ങേറുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. ദളിതരുടെ മാനത്തിനു വില ചോദിച്ചവരൊക്കെ കനത്ത വില നല്‍കേണ്ടി വന്നിട്ടുണ്ട്.

1977ല്‍ ബീഹാര്‍ പാറ്റ്‌ന ജില്ലയിലെ ബെല്‍ച്ചിയില്‍ ദളിതരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഇന്ദിര ഗാന്ധി അവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. കേന്ദ്രത്തിലെ ജനത സര്‍ക്കാരോ ബീഹാര്‍ സര്‍ക്കാരോ ഇരകളോട് സഹതാപം പോലും കാണിച്ചില്ല അവിടേക്കുള്ള എല്ലാ ഗതാഗതമാര്‍ഗങ്ങളും കനത്ത മഴയില്‍ ഒലിച്ചുപോയിരുന്നു. ജില്ലാ കളക്ടര്‍ക്കു പോലും സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. തീവണ്ടിയിലും ജീപ്പിലും ട്രാക്ടറിലും എന്തിന് ആനപ്പുറത്ത് വരെ സഞ്ചരിച്ചിട്ടാണ് ഇന്ദിര ബെല്‍ച്ചിയിലെത്തിയത്.

മൂന്നര മണിക്കൂര്‍ ആനപ്പുറത്തിരുന്ന് സന്ധ്യയായപ്പോള്‍ സംഭവ സ്ഥലത്തെത്തി. ഭയചകിതരായിരുന്ന ഗ്രാമീണര്‍ തങ്ങളുടെ അടുത്തെത്തിയ ഇന്ദിരയെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആരതി ഉഴിഞ്ഞും സ്വീകരിച്ചു.

യുപിയിലെ ഹാത്രസില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. അന്നു പ്രകൃതിയാണ് ഇന്ദിരാഗാന്ധിക്കു മുന്നില്‍ തടസം നിന്നതെങ്കില്‍ ഇന്ന് കൊച്ചുമകന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വിലങ്ങിട്ടത് യുപി ഭരണകൂടമാണ്. രാഹുലിനെ വഴിമധ്യേ തടഞ്ഞെന്നു മാത്രമല്ല, അദ്ദേഹത്തെ തള്ളി താഴെയിടുക വരെ ചെയ്തു. പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതച്ചു. യുപി അതിര്‍ത്തി അടച്ചുപൂട്ടി. മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു. ഇരയുടെ വീട്ടില്‍ ആരും എത്താതെ കനത്ത വിലക്കേര്‍പ്പെടുത്തി. ഇത് ജനാധിപത്യ ഇന്ത്യ തന്നെയോ?

എന്നിട്ടും ഭരണകൂട ഭീകരതയെ മറികടന്ന് രാഹുല്‍ ലക്ഷ്യസ്ഥാനത്തെത്തി. ഹാത്രസിലെ ദളിതര്‍ക്ക് ആശ്വാസദായകനും സംരക്ഷകനുമായി.

‘ആദി റൊട്ടി ഖായേങ്കേ.. ഇന്ദിരാക്കോ ബുലായേംഗേ’ (അരറൊട്ടി തിന്നും ഇന്ദിരയെ തിരികെ കൊണ്ടുവരും )എന്ന് അന്നു മുഴങ്ങിയ മുദ്രാവാക്യം വീണ്ടും മുഴങ്ങുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.