പെൺകുട്ടിക്ക് നീതി നൽകേണ്ട പൊലീസ് പ്രതികൾക്കൊപ്പം ; യോഗി ഭരണകൂടത്തിന്‍റെ മൗനം കുറ്റവാളികൾക്ക് പ്രചോദനം നൽകല്‍ : ഷാഫി പറമ്പില്‍

Jaihind News Bureau
Friday, October 9, 2020

 

കൊച്ചി: ഹാത്രസില്‍ ഇരയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നേരെയുണ്ടായ കയ്യേറ്റം മറക്കാനും പൊറുക്കാനും കഴിയാത്ത നീചപ്രവൃത്തിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. പെൺകുട്ടിക്ക് നീതി നൽകേണ്ട പൊലീസ് പ്രതികൾക്കൊപ്പമാണ്. ഇത്തരം സംഭവങ്ങളിൽ യോഗി ഭരണകൂടത്തിന്‍റെ മൗനം കുറ്റവാളികൾക്ക് പ്രചോദനം നൽകലാണ്. സംഭവത്തിൽ രാജ്യത്തിന്‍റെ  പ്രധാനമന്ത്രി ഇതുവരെ ഒരുവാക്ക് പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നും  യൂത്ത് കോണ്‍ഗ്രസ് സ്വാഭിമാന യാത്രയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

മോദി-യോഗി ഭരണകൂട ഭീകരതക്ക് ഇരയാവുന്ന ദളിതരുൾപ്പടെയുള്ള സാധാരണക്കാർക്കും അവരുടെ നീതിക്ക് വേണ്ടി പോരാടുന്ന രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സ്വാഭിമാന യാത്രയ്ക്ക് ആലുവയില്‍ തുടക്കമായി. ആലുവ അദ്വൈതാശ്രമത്തിനു മുന്നില്‍ നടൻ സലീം കുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം സത്യാഗ്രഹഭൂമി വരെയുള്ള 50 കി. മീ ദൂരം കാൽനടയായാണ് യാത്ര. ഇന്ന് ഉദയംപേരൂരിൽ സമാപിക്കുന്ന ഒന്നാം ദിവസത്തെ പര്യടനത്തിന് ശേഷം നാളെ വൈക്കത്ത് യാത്ര അവസാനിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ ഭാരവാഹികളടക്കം ഇരുപത് പേരാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്രയിൽ പങ്കെടുക്കുന്നത്.