ഹാത്രസ് : പെണ്‍കുട്ടിയെ കുട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നു ; പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം

Jaihind News Bureau
Friday, December 18, 2020

നോയിഡ : ഹാത്രസ് സംഭവത്തില്‍ പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി. പെണ്‍കുട്ടി മരിച്ചത് കൂട്ടബലാല്‍സംഗത്തെ തുടര്‍ന്നാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സെപ്റ്റംബര്‍ 14നാണ് പെണ്‍കുട്ടിയെ വീടിന് സമീപത്തെ വയലില്‍വെച്ച് ഗ്രാമത്തിലെ മേല്‍ജാതിക്കാരായവര്‍ ബലാത്സംഗം ചെയ്യുന്നത്. തുടര്‍ന്ന് ആശുപത്രിയിലായിരുന്ന പെണ്‍കുട്ടി ഒരാഴ്ച മരണത്തോട് മല്ലിട്ടശേഷം മരണത്തിന് കീഴടങ്ങി. സെപ്റ്റംബര്‍ 30ന് ബന്ധുക്കളെ അനുവാദം പോലും വാങ്ങാതെ അര്‍ധരാത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചത് വിവാദമായിരുന്നു. രാജ്യമൊട്ടാകെ യു.പി സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം ഉയര്‍ന്നു.
പിന്നീട് സുപ്രീംകോടതി കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.

അലഹബാദ് ഹൈകോടതിയുടെ സി.ബി.ഐ അന്വേഷണം നിരീക്ഷിക്കുകയും ചെയ്യുമെന്ന് ഒക്‌ടോബറില്‍ സുപ്രീംകോടതി അറിയിച്ചു. കേസന്വേഷണത്തിന് കൂടുതല്‍ സമയം അലഹബാദ് ഹൈകോടതിയോട് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ജനുവരി 27ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.