സോണിയാ ഗാന്ധിക്കെതിരായ വിദ്വേഷ പരാമർശത്തില്‍ അർണബ് ഗോസ്വാമിക്കെതിരെ വ്യാപക പ്രതിഷേധം; കോണ്‍ഗ്രസ് പരാതി നല്‍കി

Jaihind News Bureau
Thursday, April 23, 2020

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ റിപ്പബ്ലിക് ടി.വി അവതാരകന്‍ അർണബ് ഗോസ്വാമിക്കെതിരെ വ്യാപക പ്രതിഷേധം. ടി.വി ചാനലിലെ ലൈവ് ഷോയ്ക്കിടെയായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ വിദ്വേഷ പരാമർശം. പല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ചക്കിടെയാണ് അവതാരകന്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ പരിധിവിട്ട ആക്രമണം നടത്തിയത്.

‘ഹിന്ദു സന്യാസിമാര്‍ കൊല്ലപ്പെട്ടതില്‍ അവർക്ക് സന്തോഷമുണ്ടെന്ന് ഞാന്‍ കരുതുന്നു. മഹാരാഷ്ട്രയില്‍ ഹിന്ദു സന്യാസിമാരെ കൊന്നൊടുക്കുന്നുവെന്ന വസ്തുതയെക്കുറിച്ച് അവര്‍ ഇറ്റലിയിലേക്ക് റിപ്പോര്‍ട്ട് അയക്കും’ – എന്നായിരുന്നു ഗോസ്വാമിയുടെ പരിധി ലംഘിച്ച അധിക്ഷേപം. സോണിയാ ഗാന്ധിക്കെതിരായ അർണബിന്‍റെ വിദ്വേഷ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തില്‍ റിപ്പബ്ലിക് ടി.വി ചാനലിന്‍റെ ചീഫ് എഡിറ്ററും സ്ഥാപകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. ഛത്തീസ്ഗഢ് യൂണിറ്റ് നല്‍കിയ പരാതിയില്‍ റായ്പൂർ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകം വർഗീയവത്ക്കരിച്ച് സാമുദായിക വിദ്വേഷമുണ്ടാക്കാനും സോണിയാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയതിനും ഗോസ്വാമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.

ഏപ്രില്‍ 17 നാണ് രണ്ട് ഹിന്ദു ഗോത്രവര്‍ഗ സന്യാസിമാരും ഡ്രൈവറും പല്‍ഘറില്‍  കൊല്ലപ്പെട്ടത്. മുംബൈയിലെ കണ്ടിവാലിയിൽ നിന്ന് ഗുജറാത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പല്‍ഘറിലെ ആള്‍ക്കൂട്ടകൊലപാതകം വര്‍ഗീയവത്ക്കരിക്കാനുളള ശ്രമം ഗ്രാമവാസികള്‍ തന്നെ തള്ളിയതാണ്. പല്‍ഘര്‍ ജില്ലയിലെ ഗഡ്ചിന്‍ചാലെ ഗ്രാമത്തില്‍  മുസ്‌ലീങ്ങള്‍ ഇല്ലെന്ന വസ്തുത നിലനില്‍ക്കെയാണ് സംഘ്പരിവാര്‍ സംഘടനകള്‍ വർഗീയ ആരോപണവുമായി രംഗത്തെത്തിയത്. പൽഘറില്‍ സന്ന്യാസിമാര്‍ ആക്രമിക്കപ്പെട്ടത് വർഗീയ വിഷയമല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തതായും നൂറിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.