പഞ്ചാബിനെ കുറ്റപ്പെടുത്തുന്നതിനു പകരം കാർഷിക നിയമങ്ങള്‍ റദ്ദാക്കൂ ; ഖട്ടാറിനോട് അമരീന്ദര്‍ സിങ്

ചണ്ഡീഗഢ്:  കര്‍ഷകര്‍ക്കെതിരായ പൊലീസ് ലാത്തിചാര്‍ജില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കര്‍ഷകരുടെ പ്രതിഷേധത്തിനു പിന്നില്‍ പഞ്ചാബാണെന്ന് ഖട്ടാറും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും ആരോപിച്ചിരുന്നു.

എന്നാല്‍, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കര്‍ണാലില്‍ നടന്ന ബി.ജെ.പി നേതാക്കളുടെ യോഗത്തില്‍ പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ ഹരിയാനയില്‍ നിന്നുള്ളവരാണെന്ന് ആരോപണങ്ങള്‍ക്ക് അമരീന്ദര്‍ മറുപടി നല്‍കി. പഞ്ചാബിനെ കുറ്റപ്പെടുത്തുന്നതിനു പകരം കാര്‍ഷികമേഖലയെ ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ നിങ്ങളുടെ പാര്‍ട്ടി നിര്‍മിച്ച നിയമങ്ങള്‍ റദ്ദാക്കുകയാണ് വേണ്ടതെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടു. ഡല്‍ഹി അതിര്‍ത്തിയിലേക്ക് സമരം മാറ്റുന്നതിനു മുമ്പ് രണ്ടുമാസത്തോളം കര്‍ഷകര്‍ പഞ്ചാബിലുടനീളം പ്രതിഷേധിച്ചുവെന്നും എന്നാല്‍ ഒരിക്കല്‍പോലും അവര്‍ക്കെതിരേ ആക്രമണമുണ്ടായിട്ടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അടുത്തിടെ പോലും കരിമ്പ് കര്‍ഷകര്‍ സമരം നടത്തിയപ്പോള്‍ അവരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയാണുണ്ടായത്. അവരുടെ മേല്‍ ആരും മൃഗീയമായ രീതിയില്‍ ബലം പ്രയോഗിക്കുകയോ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Comments (0)
Add Comment