ബിജെപി-ജെജെപി തർക്കം; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവെച്ചു

 

ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവെച്ചു . ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി ബിജെപിയും ജനനായക് ജനതാപാർട്ടിയും (ജെജെപി) തമ്മിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജി. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച മനോഹർ ലാൽ ഖട്ടർ ലോക്സഭയിലേക്ക് മത്സരിച്ചേക്കും. ജെജെപി സഖ്യം വിട്ടാലും സർക്കാർ നിലനിർത്താനുള്ള നീക്കങ്ങളും ബിജെപി നടത്തുകയാണ്. ഇത് മാറ്റത്തിനുള്ള സമയമാണെന്നും നാളെ രാജ്യത്തും സംഭവിക്കും എന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

90 അംഗ ഹരിയാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ച ജെജെപിയും ബിജെപിയും തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരണത്തിനായാണ് ഒന്നിച്ചത്. എന്നാൽ 10 നിയമസഭാംഗങ്ങളുള്ള ജെജെപി രണ്ട് ലോക്സഭാ സീറ്റുകൾ ചോദിച്ചതോടെയാണ് സഖ്യത്തിൽ പ്രതിസന്ധി ഉണ്ടായത്. സംസ്ഥാനത്തെ 10 ലോക്സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. അതേസമയം ജെജെപിയുടെ അഞ്ച് എംഎല്‍എമാർ ബിജെപിയോട് അടുപ്പം പുലർത്തുകയാണ്. 30 എംഎല്‍എമാരാണ്‌ കോൺഗ്രസിനുള്ളത്.

സ്വാർത്ഥ താല്‍പര്യങ്ങൾ സംരക്ഷിക്കാൻ രൂപം നൽകിയ സഖ്യമാണ് തകരുന്നതെന്ന് ഹരിയാന കോൺഗ്രസ് പരിഹസിച്ചു. കർഷകരുടെയും യുവാക്കളുടെയും ഗുസ്തിക്കാരുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് ഹരിയാനയിൽ രാഷ്ട്രീയ മാറ്റം സംഭവിച്ചത്. അത് രാജ്യത്തും നാളെ സംഭവിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് സാമൂഹ്യ മാധ്യമമായ എക്സില്‍ കുറിച്ചു. 7 സ്വതന്ത്ര എംഎല്‍മാർ ബിജെപിക്ക് ഒപ്പമാണെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ നാഷണൽ ലോക് ദളിന് ഒരംഗമാണ് നിയമസഭയിലുള്ളത്.

ഖട്ടർ രാജിവെച്ച സാഹചര്യത്തിൽ സഞ്ജയ് ഭാട്യ, നായബ് സൈനി എന്നിവരെ ബിജെപി നേതൃത്വം മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണ്. മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി ഹരിയാനയിലേക്ക് കേന്ദ്രമന്ത്രി അർജുൻ മുണ്ട, പാർട്ടി ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവരെ ബിജെപി നേതൃത്വം നിരീക്ഷകരായി അയച്ചിട്ടുണ്ട്.

Comments (0)
Add Comment