ഹരിയാന ബിജെപി പിളര്‍പ്പിലേക്ക്? നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്ത കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കും

ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹരിയാന ബിജെപിയില്‍ പ്രതിസന്ധി തുടരുന്നു. ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിനു പിന്നാലെ മന്ത്രിയടക്കമുള്ള പ്രമുഖര്‍ സ്ഥാനങ്ങള്‍ രാജിവെച്ചത് ഹരിയാന ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാക്കി. മാത്രവുമല്ല വൈദ്യുതി-ജയില്‍ വകുപ്പ് മന്ത്രി രഞ്ജിത് സിങ് ചൗട്ടിയ മന്ത്രിസ്ഥാനം ഒഴിയുകയും ചെയ്തു.

രതിയ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ലക്ഷ്മണ്‍ നാപ, മുന്‍ മന്ത്രി കരണ്‍ ദേവ് കാംബോജ് എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയ മറ്റു നേതാക്കള്‍. 67 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 9 എംഎല്‍എമാര്‍ക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്. ഇനിയും നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കും എന്നാണ് സൂചന.

ഇന്ദ്രിയില്‍ നിന്നോ റദൗറില്‍ നിന്നോ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന ഒബിസി മോര്‍ച്ച നേതാവ് കാംബോജ് പാര്‍ട്ടി അതിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കുന്നു എന്ന രൂക്ഷവിമര്‍ശനമുയര്‍ത്തിയത് ബിജെപിക്കുള്ളിലെ ചേരിപ്പോര് വെളിവാക്കുന്നതാണ്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഹരിയാനയിലുണ്ടായത്. നിയമസഭ തിരഞ്ഞെടുപ്പിലും ഇതേ മുന്നേറ്റം നിലനിര്‍ത്താനും, അധികാരത്തില്‍ തിരിച്ചെത്താനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പുറത്തുവന്ന എല്ലാ സര്‍വ്വേകളിലും കോണ്‍ഗ്രസിന് അനുകൂലമായ ഫലമാണുള്ളതും. ഭരണവിരുദ്ധവികാരവും, പടലപ്പിണക്കങ്ങളും ബിജെപിയെ വല്ലാതെ വലയ്ക്കുന്നുണ്ട്.

 

Comments (0)
Add Comment