പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരസമിതിയുടെ ഹർത്താൽ തുടങ്ങി; വൈകീട്ട് 6 വരെയാണ് ഹർത്താൽ; രണ്ടാംപാദ സ്‌കൂൾ പരീക്ഷകൾക്ക് മാറ്റമില്ല

Jaihind News Bureau
Tuesday, December 17, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ഇന്ന് ഹർത്താൽ. നിയമവിരുദ്ധമായതിനാൽ പിൻവലിക്കണമെന്ന പൊലീസിന്‍റെ നോട്ടീസ് തള്ളി ഇന്നത്തെ ഹർത്താലുമായി മുന്നോട്ടു പോകാൻ സംയുക്ത സമരസമിതി തീരുമാനിക്കുകയായിരുന്നു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ റജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് സംയുക്ത സമരസമിതി ഇന്നു ഹർത്താൽ നടത്തുന്നത്. അതേസമയം, ഹർത്താലിന് ഒരാഴ്ച മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി നിർദേശം സമിതി പാലിച്ചിട്ടില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഹർത്താൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടു പൊലീസ് നൽകിയ നോട്ടിസിനും സംഘടനകൾ മറുപടി നൽകിയില്ല. അതു കൊണ്ടു തന്നെ ഇന്നു വാഹനങ്ങൾ തടയാനോ കടകൾ അടപ്പിക്കാനോ യാതൊരു കാരണവശാലും സമ്മതിക്കില്ല. എന്തെങ്കിലും നാശനഷ്ടമുണ്ടായാൽ ഉത്തരവാദിത്തം ഹർത്താൽ പ്രഖ്യാപിച്ച സംഘടനകളുടെ നേതാക്കൾക്കായിരിക്കും. അവരുടെ പേരിൽ നിയമനടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. പതുവു പോലെ ഇന്നു സർവീസ് നടത്തുമെന്ന് കെഎസ്ആർടിസിയും അറിയിച്ചു. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടും. ജീവനക്കാർക്ക് ആരോഗ്യ കാരണത്താലല്ലാതെ അവധി നൽകില്ല.

ഇന്നത്തെ പരീക്ഷകളിൽ മാറ്റമില്ലെന്ന് കണ്ണൂർ, കാലിക്കറ്റ്, എംജി, കുസാറ്റ്, ആരോഗ്യ, കാർഷികവെറ്ററിനറി, സാങ്കേതിക, കേന്ദ്ര സർവകലാശാലകൾ അറിയിച്ചു. കേരളയിൽ ഇന്നത്തെ പിഎച്ച്ഡി കോഴ്‌സ് വർക്ക് (പേപ്പർ1 റിസർച്ച് മെത്തഡോളജി), മൂന്നാം സെമസ്റ്റർ എംഎസ്സി (സിഎസ്എസ്) പരീക്ഷകൾ മാറ്റി.  മറ്റു പരീക്ഷകൾക്കു മാറ്റമില്ല. സ്‌കൂൾ പരീക്ഷകൾക്ക് മാറ്റമില്ലെന്നു പൊതുവിദ്യാഭ്യാസവകുപ്പും അറിയിച്ചു.

ശബരിമല തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാൻ അറിയിച്ചു. ഇതിനിടെ, ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കണ്ണൂർ സ്വദേശി ശ്രീനാഥ് പത്മനാഭൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.