സർക്കാരിന്‍റെ വാക്ക് പാഴ്‌വാക്കായി: ഹർഷിന വീണ്ടും സമരത്തിന്; നവകേരള സദസ് കഴിഞ്ഞ് മന്ത്രിമാരെത്തുമ്പോള്‍ പ്രതിഷേധ സദസ്

 

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിലേക്ക്. കോഴിക്കോട് നവകേരള സദസ് അവസാനിക്കുന്നതിന് മുമ്പേ ഹർഷിനയുടെ വിഷയത്തിൽ തുടർനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ സമരത്തിന് ഒരുങ്ങുകയാണ് ഹർഷിന.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രസവശേഷം കത്രിക കുടുങ്ങിയ പന്തീരങ്കാവ് സ്വദേശി ഹർഷിന പോലീസിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് 104 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിച്ചത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിക്കായി പ്രസ്തുത റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. സർക്കാറിന്‍റെ മുമ്പാകെ ഈ റിപ്പോർട്ട് എത്തിയിട്ട് ഒരു മാസം തികയുമ്പോഴും നടപടികളൊന്നും സ്വീകരിച്ചില്ല. റിപ്പോർട്ട് ലഭിച്ചാൽ ഉടനടി നടപടി സ്വീകരിക്കും എന്നായിരുന്നു ആരോഗ്യ മന്ത്രിയും മറ്റു മന്ത്രിമാരും നിയമസഭയിലും പുറത്തും പ്രഖ്യാപിച്ചിരുന്നത്.

ഇപ്പോൾ മന്ത്രിമാരും മുഖ്യമന്ത്രിയും നവകേരള സദസിന്‍റെ ഭാഗമായി കോഴിക്കോട് എത്തിച്ചേർന്നിട്ടുണ്ട്. പോലീസിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ കോഴിക്കോട് വെച്ചും സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ നവകേരള സദസിന്‍റെ സമാപനം നടക്കുന്ന സെക്രട്ടേറിയറ്റിന് മുന്നില്‍ ഡിസംബർ 23-ന് ഹർഷിന സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Comments (0)
Add Comment