സംസ്ഥാനത്ത് നടക്കുന്ന അഴിമതികളുടെ പണം സ്വർണ്ണമായി തിരികെ എത്തുന്നുവെന്ന വാർത്ത; വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല| VIDEO

Jaihind News Bureau
Wednesday, July 15, 2020

 

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പല അഴിമതികളുടേയും പണം സ്വർണ്ണത്തിന്‍റെ രൂപത്തില്‍ കേരളത്തിലേക്കെത്തുന്ന വാർത്തയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം എന്‍ഐഎ അന്വേഷിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തില്‍ സര്‍ക്കാരുമായി നടക്കുന്ന പല വന്‍കിട ഇടപാടുകളുടേയും അഴിമതി വിഹിതമാണ്  സ്വര്‍ണ്ണത്തിന്‍റെ രൂപത്തില്‍ കേരളത്തിലെത്തുന്നതെന്ന് സൂചന. വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണമായി എത്തുന്ന ഈ പണം എത്തുന്നത് ഭരണത്തിലെ മുഖ്യപാര്‍ട്ടിക്കെന്നും സംശയം. അഴിമതി പണം വെളുപ്പിക്കാന്‍ കേരളത്തിലെ രണ്ട് പ്രമുഖ ജ്വല്ലറികള്‍ കൂട്ടുനില്‍ക്കുന്നതായും അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ഈ ജ്വല്ലറികള്‍ പാര്‍ട്ടി സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നല്‍കിയ സാമ്പത്തിക സഹായം സംശയത്തിന്‍റെ നിഴലിലാണ്. തിരുവനന്തപുരം സ്വർണ്ണക്കടത്തിലെ അന്വേഷണം ഈ ദിശയിലേക്കും നീളുന്നു.

ഇടതുസർക്കാർ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് സമാന്തരമായി  കള്ളക്കടത്ത് സ്വർണ്ണ ശൃംഖല സജീവമാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പും സംസ്ഥാന സർക്കാർ അവഗണിച്ചു. സിപിഎം പിന്തുണയോടെ വിജയിച്ച മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെ പൂർവ്വകാല ചരിത്രം പരിശോധിച്ചാല്‍ ഇവർക്ക് സ്വർണ്ണകള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് മനസിലാക്കാം. ഇവരില്‍ ഒരു എംഎല്‍എയുടെ അടുത്ത കുടുംബാംഗം സ്വർണ്ണക്കടത്തിനെ തുടർന്ന് പിടിക്കപ്പെട്ട് സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുകയാണ്. അഴിമതിയിലെ പണമാണ് സ്വർണ്ണത്തിന്‍റെ രൂപത്തില്‍ കേരളത്തില്‍ എത്തുന്നത്. ഇത് സംസ്ഥാനത്തെ രണ്ട് പ്രമുഖ ജ്വല്ലറികള്‍ക്ക് കൈമാറുന്നു.

വടക്കന്‍ കേരളത്തില്‍ സജീവ സാന്നിധ്യമാണ് ഒരു ജ്വല്ലറി എങ്കില്‍ മറ്റൊന്നിന് തെക്കന്‍ കേരളത്തിലാണ് ഷോറൂമുകള്‍ കൂടുതല്‍. രണ്ട് ജ്വല്ലറികളും വന്‍ തുക സംഭാവനയായി സംസ്ഥാനത്തെ ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിക്ക് നല്‍കുന്നു. ഇത്തരത്തില്‍ എത്ര ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സുരക്ഷാകവചമൊരുക്കാന്‍ കാട്ടിയതിടുക്കം ഈ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.