ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്; ഗുജറാത്തില്‍ മത്സരിക്കും; മോദിയുടെ തട്ടകത്തില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

Jaihind Webdesk
Thursday, March 7, 2019

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഉറപ്പിച്ചു. ഹര്‍ദിക് മാര്‍ച്ച് 12ന് പാര്‍ട്ടി അംഗത്വമെടുക്കും. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് ഹര്‍ദിക് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് 12ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങിലാവും ഹര്‍ദികിന്റെ കോണ്‍ഗ്രസ് പ്രവേശനം. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജാംനഗര്‍. ഇത് പട്ടേല്‍ സംവരണ പ്രക്ഷോഭത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഹര്‍ദികിലൂടെ പിടിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
അഹമ്മദാബാദില്‍ ചേരാനിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തോട് അനുബന്ധിച്ചായിരിക്കും ഹര്‍ദികിന്റെ പാര്‍ട്ടി പ്രവേശനം. യോഗത്തിനൊടുവില്‍ നേതാക്കള്‍ പങ്കെടുക്കുന്ന റാലിയും ഇവിടെ നടക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ച വെച്ച മികച്ച പ്രകടനം ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേകശ്രദ്ധ തന്നെ ഗുജറാത്തിന് നല്‍കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും തട്ടകമായ ഗുജറാത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നയിക്കുന്ന റാലി 12ന് നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയോഗത്തില്‍ ഇവരും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയ നേതാക്കളും പങ്കെടുക്കും. സബര്‍മതി ആശ്രമത്തില്‍ മഹാത്മാഗാന്ധി ഉപ്പുസത്യാഗ്രഹം നടത്തിയ അതേ ദിവസമാണ് നേതാക്കളുടെ യോഗം നടക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി അറിയിച്ചു.