പൗരത്വ ഭേദഗതി ബില്ലില്‍ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. കശ്മീർ പോലെ അസമും കത്തുമ്പോള്‍ നീറോ ചക്രവർത്തിയെപ്പോലെ മോദിയും അമിത് ഷായും വീണ വായിച്ച് രസിക്കുകയാണെന്ന് കട്ജു കുറ്റപ്പെടുത്തി.
‘കശ്മീർ പോലെ അസമും കത്തുകയാണ്. രാജ്യം കത്തുമ്പോള്‍ ഈ ആധുനിക നീറോകൾ വീണ വായിക്കുകയാണ്. ഹനുമാൻ ലങ്കയ്ക്ക് മാത്രമാണ് തീയിട്ടത്. ഈ ആധുനിക ഹനുമാന്മാർ ഇന്ത്യ മുഴുവൻ കത്തിക്കുകയാണ്’ – ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ട്വിറ്ററില്‍ കുറിച്ചു.
പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിർപ്പിനിടെ ഇന്നലെയാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായത്. 125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 105 പേർ എതിർപ്പ് രേഖപ്പെടുത്തി. ബിൽ പാസായത് രാജ്യത്തിന്‍റെ ബഹുസ്വരതയ്ക്ക് മേൽ സങ്കുചിത ചിന്താഗതിക്കാരുടെയും വർഗീയ ശക്തികളുടെയും വിജയമാണെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വംശീയമായി തുടച്ചുനീക്കാനുള്ള മോദിയുടെയും അമിത് ഷായുടെയും തന്ത്രമാണ് ബില്ലിലൂടെ നടപ്പിലാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമൊട്ടാകെ വ്യാപകമായ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. അതിശക്തമായ പ്രക്ഷോഭത്തിനാണ് അസമും ത്രിപുരയും സാക്ഷ്യം വഹിക്കുന്നത്. ത്രിപുരയിൽ സൈന്യത്തെ വിന്യസിച്ചു. അസമിലും സേനാവിന്യാസത്തിന് നീക്കമുണ്ട്. അസമിലെ ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അസമിലെ പത്ത് ജില്ലകളിൽ ഇന്‍റർനെറ്റ്, മൊബൈൽ സംവിധാനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്.