സംസ്ഥാനം H1N1 ഭീതിയില്‍; ഒരാഴ്ചക്കിടെ മരിച്ചത് 14 പേര്‍

Jaihind Webdesk
Monday, December 17, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി H1N1 പനി വ്യാപകമാകുന്നു. നാലുവയസ്സുകാരന്‍ ഉള്‍പ്പെടെ ശനിയാഴ്ച മൂന്നുപേരാണ് രോഗം ബാധിച്ച് മരിച്ചത്. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി സൂരജ് കൃഷ്ണന്‍ (നാല്), കൊല്ലം കൊറ്റങ്കര സ്വദേശി സ്‌റ്റൈഫി (23), കോഴിക്കോട് ഇരിങ്ങാല്‍ സ്വദേശി സുധ (37) എന്നിവരാണ് മരിച്ചത്. ഇതോടെ ഇക്കൊല്ലം എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് സംസ്ഥാനത്ത് 53 പേര്‍ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഒരാഴ്ചക്കിടെ 14 പേര്‍ രോഗം ബാധിച്ച് മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ മരണസംഖ്യ ഉയര്‍ന്നേക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എച്ച് വണ്‍ എന്‍ വണ്‍ പനിക്കെതിരെ പൊതുജനം കൂടുതല്‍ ജാഗ്രതപാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെയും വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ രോഗവ്യാപനം തടയാന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.