‘തൊഴിലാളികളുടെ പാർട്ടി എന്ന് പറയുന്ന നിങ്ങള്‍ ഒരു വിഷയത്തിൽ രണ്ട് നിലപാടുകൾ എന്ന് മുതലാണ് സ്വീകരിക്കാൻ തുടങ്ങിയത് ?’; സിപിഎമ്മിനെതിരെ ഡോ. ജി.വി ഹരി

Jaihind News Bureau
Friday, May 1, 2020

ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്ന സിപിഎമ്മിന്‍റെ  ഇരട്ടത്താപ്പിനെതിരെ കെപിസിസി നിര്‍വാഹക സമിതി അംഗം ഡോ. ജി.വി ഹരി. തൊഴിലാളികളുടെ പാർട്ടി എന്ന് പറയുന്ന സി.പി.എം ഒരു വിഷയത്തിൽ രണ്ട് നിലപാടുകൾ എന്ന് മുതലാണ് സ്വീകരിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

സമരം നടത്തുമ്പോൾ നാല് പേരിൽ കൂടുതൽ ഉള്ളതിനാൽ എം.പിക്ക് എതിരെ കേസ് എടുക്കുന്ന സര്‍ക്കാര്‍ 50 പേരെ ചേർത്ത് കുട്ടികളേയും ഉള്‍പ്പെടുത്തി സമരം നടത്താൻ നേതൃത്വം കൊടുത്ത മന്ത്രിക്ക് എതിരേ കേസെടുക്കുന്നില്ല.  ബംഗാളിൽ ഇതേ സമര രീതി പാർട്ടി മമതക്ക് എതിരെ സംഘടിപ്പിക്കുന്നു. കേരളത്തിലെ ജീവനക്കരുടെ ശമ്പളം പിടിക്കാൻ ഓർഡിനൻസ് ഇറക്കുമ്പോൾ തമിഴ്നാട്ടിൽ പാർട്ടി സർക്കാറിനെതിരെ ഇതേ വിഷയത്തിൽ സമരം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജി.വി ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മെയ് ദിന ചിന്തകൾ
മെയ് 1 സാർവ്വദേശീയ തൊഴിലാളി ദിനം

ഒറ്റ ചോദ്യം ?
തൊഴിലാളികളുടെ പാർട്ടി എന്ന് പറയുന്ന സി.പി.എം.ഒരു വിഷയത്തിൽ രണ്ട് നിലപാടുകൾ എന്ന് മുതലാണ് സ്വീകരിക്കാൻ തുടങ്ങിയത് ?

നിലപാടുകൾ ഏകപക്ഷീയമായും
സാഹചര്യങ്ങൾക്കനുസരിച്ചും മാറാനുള്ളതല്ല. നിലപാടുകൾ വിഷയാധിഷ്ഠിതമാവുന്നത് മനസ്സിലാക്കാം. പക്ഷെ ജില്ലകളും സംസ്ഥാനങ്ങൾക്കും വ്യക്തികൾക്കും അനുസരിച്ച് അത് മാറുന്നു. ഒരേ കുറ്റം തന്നെ രണ്ട് പേർ ചെയ്യ്താൽ ലോകത്തുള്ള എല്ലാ നിയമ വ്യവസ്ഥകളും ഒരേ ശിക്ഷയാണ് വിധിക്കുക. പക്ഷെ വ്യക്തികൾക്കനുസരിച്ചും പ്രസ്ഥാനങ്ങൾക്ക് അനുസരിച്ചും സാഹചര്യത്തിനും ജീവനക്കാർക്കനുസരിച്ചും കേരളത്തിൽ അത് മാറിക്കൊണ്ടേയിരിക്കുന്നു. ലളിതമായി പറഞ്ഞാൽ താടിയുള്ള അപ്പനെക്കണ്ടാൽ നിലപാടുകൾ മാറുമെന്ന് ചുരുക്കം.

കോവിഡ് കാലം അസാധാരമായതിനാൽ രാഷ്ട്രീയം പറയരുത് പക്ഷെ ചിലർക്ക് ആവാം. സമരം നടത്തുമ്പോൾ നാല് പേരിൽ കൂടതൽ ഉള്ളതിനാൽ എം.പി ക്ക് എതിരെ കേസ് എടുക്കും പക്ഷെ അമ്പത് പേരെ ചേർത്ത് പ്രത്യേകിച്ച് കുട്ടികളെക്കൂട്ടി സമരം നടത്താൻ നേതൃത്വം കൊടുത്ത മന്ത്രിക്ക് എതിരേ കേസില്ല. അതോടെപ്പം ബംഗാളിൽ ഇതേ സമര രീതി പാർട്ടി മമതക്ക് എതിരെ സംഘടിപ്പിക്കുന്നു. കേരളത്തിലെ ജീവനക്കരുടെ ശമ്പളം പിടിക്കാൻ ഓർഡിനൻസ് ഇറക്കുമ്പോൾ തമിഴ്നാട്ടിൽ പാർട്ടി സർക്കാറിനെതിരെ ഇതേ വിഷയത്തിൽ സമരം ചെയ്യുന്നു. ഡേറ്റാ സ്വകാര്യതയാണ് എന്ന് നയം ഉള്ളപ്പോൾ തന്നെ ഡേറ്റാ കൈമാറ്റം നടത്തുന്നു. മുതലാളിത്ത സാമ്പ്രാജ്യത്വ അമേരിക്കൻ ഏകതിപത്യത്തിനെതിരെ പ്രസംഗിക്കുമ്പോൾ സഖാക്കൾ ചാനലിൽ വന്ന് അമേരിക്കയുടെ ഗുണഗണങ്ങളെ പുകഴ്ത്തുന്നു അമേരിക്കൻ കരാർ റദ്ദാക്കാതിരിക്കാൻ നപ്പനായിമാരെ ലക്ഷങ്ങൾ കൊടുത്തു കൊണ്ട് വന്ന് വാദിക്കുമ്പോൾ നഷ്ടമാകുന്നത് ഇടത്പക്ഷം എല്ലാ കാലത്തും പുലർത്തി വന്ന നിലപാട് തറകളാണ്. മുതലാളിത്വ വ്യവസ്തകൾ സാധാണക്കാരനെ ചൂഷണം ചെയ്യ്ത് സാമ്പ്രാജത്വ ശക്തികൾ നമ്മുടെ സമൂഹത്തിന്റെ അടിത്തറ തകർക്കുമ്പോൾ പ്രതിരോധിക്കാൻ ഇടതുപക്ഷം അല്പമായിട്ടെങ്കിലും ഇവിടെ ഉണ്ടാകണം എന്നാഗ്രഹിക്കുന്നു ഈ ഗാന്ധി ശിഷ്യൻ. ഇതായിരിക്കും വിജയൻ മാഷ് പറഞ്ഞ ഇടതിന്റെ വലത് വ്യതിയാനം !

മെയ് ദിനാശംസകൾ
ഇൻക്വിലാബ് സിന്ദാബാദ് .