സ്വകാര്യ ആശുപത്രിയുടെ കൊള്ള അവസാനിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടല്‍; പനിക്കാലമായതോടെ എല്ലാ ആശുപത്രികളെയും സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് ആവശ്യം

Jaihind Webdesk
Monday, June 10, 2019

തിരുവനന്തപുരം: മണ്‍സൂണ്‍ ആരംഭിച്ചതോടെ കേരളത്തില്‍ പനിക്കാലത്തിനും തുടക്കമായിരിക്കുകയാണ്. എന്നാല്‍ ഇതിനെ സ്വകാര്യ ആശുപത്രികള്‍ പണംകൊയ്യാനുള്ള കാലമായിട്ടാണ് കരുതുന്നത്. കൊച്ചിയില്‍ നിപയുടെ ജാഗ്രതാ നിര്‍ദ്ദേശം കൂടി വന്നതോടെ ഡോക്ടര്‍മാരുടെ സ്വാഭാവിക മുന്‍കരുതലുകള്‍ക്കുപോലും രോഗികളില്‍ നിന്ന് കനത്ത പണം ഈടാക്കുകയാണ്.

ഇത്തരമൊരു കൊള്ളയെക്കുറിച്ച് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവും ജവഹര്‍ ബാലജനവേദിയുടെ ചെയര്‍മാനുമായ ജി.വി. ഹരി ഫേസ്ബുക്കിലിട്ട പോസ്റ്റ് ചര്‍ച്ചയായതോടെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രി ഇത്തരം അധിക പണം ഈടാക്കുന്ന നടപടി അവസാനിപ്പിക്കുമെന്നും പ്രത്യേക പനി പാക്കേജ് തുടങ്ങുമെന്നും ഉറപ്പ് നല്‍കിയിരിക്കുകയാണ്.

‘ബഹു.ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ അറിയാന്‍,

മഴ തുടങ്ങി വൈറല്‍ പനി വരവായി; പാവങ്ങളെ അറുത്ത് കൊല്ലാതിരിക്കാനുള്ള ജാഗ്രത ആരോഗ്യ വകുപ്പ് സ്വീകരിക്കണം. എന്റെ ഭാര്യക്ക് രാവിലെ പനി തിരുവന്തപുരം ടഡഠ ആശുപത്രിയില്‍ പോയി.ഡോക്ടറെ കണ്ടിറങ്ങുമ്പോള്‍ ചിലവായത് 2800 രൂപ.( മരുന്നുകള്‍ ഉള്‍പ്പടെ) ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ ഒരു കൈയ്യുറ ഉപയോഗിക്കുന്നത് മനസിലാക്കാം രണ്ട് കൈയ്യുറയുടെ പണവും കുത്തിവയ്ക്കാന്‍ പ്രത്യേക പൈസയും വരെ എന്റെ കയ്യീന്ന് പത്മശ്രീഷെട്ടി സാറിന്റെ ആശ്രുപത്രി വാങ്ങി. കൊടുക്കാന്‍ എന്റെ കയ്യില്‍ കാശുള്ളത് കൊണ്ട് ഞാന്‍ കൊടുത്തു.ഇത് ഞാന്‍ എഴുതുന്നത് ഇന്നാട്ടിലെ സാധാരണക്കാരനെ ഓര്‍ത്താണ് നടപടി സ്വീകരിക്കണം മഴയാണ്,വെറും പനിയാണ്,കേരളമാണ്.പനി പിടിക്കരുതേ ശ്രീപത്മനാഭാ എന്ന പ്രാര്‍ത്ഥനയോടെ.’ ജി.വി. ഹരി ആശുപത്രി ബില്ലും രോഗവിവരങ്ങളും ഉള്‍പ്പെടെ ഫേസ്ബുക്കില്‍ കുറിച്ചു.

സ്ഥിരമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികകള്‍ക്ക് ഇന്‍ജക്ഷന്‍ നല്‍കാന്‍ ഉപയോഗിക്കുന്ന കാനുലയ്ക്ക് പോലും സാധാരണ പനിയുമായി ഒബ്‌സര്‍വേഷനില്‍ വന്ന രോഗിയില്‍ നിന്ന് ഈടാക്കിയിരുന്നു. ഡോക്ടര്‍ ഉപയോഗിക്കുന്ന ഗ്ലൗ ന്റെ വിലയായി 40 രൂപയാണ് ഈടാക്കിയത്. ഇതുപോലെ അനാവശ്യവുമായി 742 രൂപയോളം ഈടാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെ എസ്.യു.ടി ആശുപത്രി അധികൃതര്‍ ഹരിയുമായി ബന്ധപ്പെടുകയും ഇനിമുതല്‍ ആശുപത്രിയില്‍ പനിക്കായി പ്രത്യേക ക്ലിനിക്ക് ആരംഭിക്കുമെന്നും അനാവശ്യമായി ഈടാക്കുന്ന ഫീസുകള്‍ കുറയ്ക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു.

ഇതുപോലെ സംസ്ഥാനത്തെ മറ്റ് സ്വകാര്യ ആശുപത്രികളും പനിക്കാലത്തെ പണക്കൊയ്ത്ത് കാലമായാണ് കാണുന്നത്. ഇത് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്ന് ജി.വി. ഹരി ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു.