ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ പ്രതിഷേധവുമായെത്തിയ യൂത്ത്‌കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കാന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ നേതൃത്വം നല്‍കിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന ചോദ്യമുയരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ വഴിനീളെ പോലീസുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച ഗണ്‍മാന്‍ മര്‍ദിക്കാന്‍ ചാടിയിറങ്ങുകയായിരുന്നു. ഔദ്യോഗിക വാഹനവ്യൂഹത്തിനൊപ്പം നവകേരള സദസ് വളണ്ടിയര്‍ എന്നെഴുതിയ ടീഷര്‍ട്ടുംധരിച്ച് സഞ്ചരിക്കുന്ന സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസിനൊപ്പം ചേര്‍ന്നു. നവകേരളസദസ് തുടങ്ങിയശേഷം ഇതാദ്യമായല്ല മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ ആക്ഷേപമുയരുന്നത്. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതും ഈ ഗണ്‍മാന്‍ തന്നെയാണ്. മുദ്രാവാക്യം വിളിച്ചതിന് ഇത്ര ക്രൂരമായി മര്‍ദിക്കണോ എന്നു കണ്ടുനിന്നവര്‍ പോലും ചോദിക്കുന്ന തരത്തിലാണ് രണ്ട് കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചുപരുക്കേല്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുമ്പോള്‍ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ തടഞ്ഞു. ഈ സമയത്താണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഗണ്‍മാനും എസ്‌കോര്‍ട്ട് വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും വളഞ്ഞിട്ടടിച്ചത്. കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ കൈതവന ജങ്ങ്ഷനില്‍ വച്ചാണ് വീണ്ടും പ്രതിഷേധമുണ്ടായപ്പോള്‍ പോലീസിനൊപ്പം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്‌കാരെ മര്‍ദിക്കാന്‍ ചേര്‍ന്നു.മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ഇരു ചക്രവാഹനങ്ങളില്‍ നവകേരള സദസ് വളന്റിയര്‍ എന്നെഴുതിയ ടീഷര്‍ട്ടും ധരിച്ച് ഡിവൈഎഫ്‌ഐ -സിപിഎം പ്രവര്‍ത്തകരും സഞ്ചരിക്കുന്നുണ്ട്. ഇവരാണ് പ്രതിഷേധിക്കുന്നവരെ മര്‍ദിക്കാന്‍ പോലീസിനൊപ്പം കൂടുന്നത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചശേഷമാണ് കെപിസിസി ജനറല്‍ സെക്രട്ടറി എംജെ ജോബിന്റെ വീട് ഒരു സംഘം ആക്രമിച്ചത്. സംസ്ഥാനതലത്തില്‍ ഈ വിഷയം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വവും.